തട്ടിപ്പും വിശ്വാസവഞ്ചനയും, മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിൽ കേസ്; നടപടി സിപിഎം പരാതിയില്‍

കഴിഞ്ഞ ഡിസംബർ ഒന്നിനാണ് മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു ഏരിയ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്
തട്ടിപ്പും വിശ്വാസവഞ്ചനയും, മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിൽ കേസ്; നടപടി സിപിഎം പരാതിയില്‍
Published on

ബിജെപിയിൽ ചേർന്ന സിപിഎം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുത്ത് മംഗലപുരം പൊലീസ്. സിപിഎം നൽകിയ പരാതിയിലാണ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ഏരിയ സമ്മേളനത്തിലെ മൈക്ക് സെറ്റ്, പന്തല്‍ മുതലായ അലങ്കാര പണികള്‍ക്കായി നല്‍കേണ്ടിയിരുന്ന ബാക്കി തുക മധു മുല്ലശ്ശേരി നല്‍കിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാട്ടി ഏരിയ സെക്രട്ടറി ജലീല്‍ ആറ്റിങ്ങലാണ് ഡിവൈഎസ്പിക്ക് ആദ്യം പരാതി നല്‍കിയത്. ഇതിനു പിന്നാലെ മംഗലപുരം ഏരിയയിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും പരാതിയുമായി എത്തുകയായിരുന്നു. എന്നാല്‍, ആ ഘട്ടത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. ഏരിയ സമ്മേളന നടത്തിപ്പിനായി 120 ബ്രാഞ്ചുകളില്‍ നിന്നും പിരിച്ച 3,25000 രൂപ മധുവിന് നല്‍കിയിരുന്നതായും സിപിഎം ആരോപിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഡിസംബർ ഒന്നിനാണ് മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു ഏരിയ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ സിപിഎം പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് ടേം പൂർത്തിയാക്കിയ ഏരിയാസെക്രട്ടറി മധു മുല്ലശ്ശേരിയെ മാറ്റാനായിരുന്നു സമ്മേളന തീരുമാനം. ഇതിൽ അതൃപ്തിയറിയിച്ചും ജില്ലാ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചുമാണ് മധു സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തൊട്ടു പിന്നാലെ എം. ജലീലിനെ പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് മധു മുല്ലശ്ശേരി പാർട്ടി വിട്ടത്.

മധു മുല്ലശ്ശേരിക്കെതിരെ ആരോപണം ഉന്നയിച്ച് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയും രംഗത്തെത്തിയിരുന്നു. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു മുല്ലശേരിയെന്നായിരുന്നു ജോയിയുടെ ആരോപണം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com