
കൊൽക്കത്തയിൽ മന്ത്രിയുടെ വാഹനമിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിനും വാഹനമോടിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് ഓം പ്രകാശ് മിശ്രയ്ക്കുമെതിരെ കേസ്. കൊൽക്കത്ത ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശപ്രക്രാരമാണ് കൊൽക്കത്ത പൊലീസ് മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജസ്റ്റിസ് തീർഥങ്കർ ഘോഷിൻ്റെ സിംഗിൾ ബെഞ്ചിൻ്റേതാണ് വിധി. കഴിഞ്ഞ ദിവസം ജാദവ്പൂർ സർവകലാശാല (ജെയു) ക്യാമ്പസിനുള്ളിൽ മന്ത്രിയുടെ വാഹനം ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പശ്ചിമ ബംഗാള്‍ കോളേജ് ആന്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് അസോസിയേഷന്റെ (ഡബ്ല്യുബിസിയുപിഎ) വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ക്യാമ്പസില്‍ എത്തിയതായിരുന്നു മന്ത്രി. യോഗം കഴിഞ്ഞ് ബ്രത്യ ബസു പോകാനൊരുങ്ങവെ വിദ്യാർഥികൾ മന്ത്രിയുടെ കാർ ആക്രമിച്ചു. നിരവധി പ്രശ്നങ്ങൾ നിലനിൽക്കെ എന്തുകൊണ്ട് വിദ്യാർഥികളുമായി ചർച്ച നടത്തിയില്ല എന്ന ആവശ്യമുന്നയിച്ചായിരുന്നു ഇവർ മന്ത്രിയെ തടഞ്ഞുനിർത്തിയത്. എന്നാൽ, വിദ്യാർഥി പ്രതിഷേധം അവഗണിച്ച് വാഹനം മുന്നോട്ട് പോയി. തുടർന്നാണ് നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റത്. ഇന്ദ്രനുജ് റോയ് എന്ന വിദ്യാർഥിക്ക് തലക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ശരീരത്തിന്റെ ഒരു ഭാഗം ചക്രത്തിനടിയിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വിദ്യാർഥികൾക്ക് പരിക്കേറ്റതിന് പിന്നാലെ ക്യാമ്പസിലെ പ്രതിഷേധം ശക്തമായി. മന്ത്രിയുടെ വാഹനം വിദ്യാർഥികളെ മനപൂർവം ഇടിച്ചിടുകയായിരുന്നെന്നാണ് വിദ്യാർഥികളുടെ ആരോപണം. തൃണമൂൽ കോൺഗ്രസിൻ്റെ കീഴിലുള്ള പശ്ചിമ ബംഗാൾ കോളേജ് ആൻഡ് യൂണിവേഴ്സിറ്റി പ്രൊഫസേഴ്‌സ് അസോസിയേഷന്റെ പരാതികളിൽ മാത്രം നടപടിയെടുത്താൽ പോരെന്നും, പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ കൂടി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.
ഹൈക്കോടതി നിർദേശത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിനും ഡ്രൈവറും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഓം പ്രകാശ് മിശ്രയ്ക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ശാരീരിക ആക്രമണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതിനു പുറമെ, വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
കോടതി നിർദേശത്തിൽ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട്, പരിക്കേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കൾ രംഗത്തെത്തി. ഒരു ജനാധിപത്യ രാജ്യത്ത്, ജനാധിപത്യ രീതികൾ പിന്തുടരുക എന്നതാണ് പൊലീസിൻ്റെ ജോലിയെന്നായിരുന്നു അവരുടെ പ്രതികരണം . വിദ്യാർഥികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസിനോട് എഫ്‌ഐആർ ചെയ്യണമെന്ന് ബുധനാഴ്ച കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്, ജുഡീഷ്യറിയിൽ ആളുകൾക്ക് വിശ്വാസമുണ്ടെന്നതിന്റെ തെളിവാണെന്നും രക്ഷിതാക്കളിൽ ഒരാളായ അമിത് റോയ് പറഞ്ഞു.