കേരളത്തിൽ ജാതിയുണ്ട്, മതമുണ്ട്, വർണവുമുണ്ട്. അങ്ങനെ ഇല്ലെന്നു പറയരുതെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
ജാതി സെൻസസ് ഇൻഡ്യ മുന്നണിയുടെ ആവശ്യമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇപ്പോൾ ജാതി സർവേ ബിജെപി സർക്കാർ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടും ഗത്യന്തരമില്ലാതെയുമാണ് കേന്ദ്ര സർക്കാരിൻ്റെ ഇപ്പോഴത്തെ ഈ പ്രഖ്യാപനം. ഇത് പ്രഖ്യാപനം മാത്രമായി അവശേഷിക്കരുത്. സമയബന്ധിതമായി നടപ്പിലാക്കണം. ആത്മാർത്ഥത ഉണ്ടെങ്കിൽ ഉടൻ നടപ്പിലാക്കണം.
കേന്ദ്ര സർക്കാർ ജാതി സർവേ നടപ്പാക്കുമെന്ന തീരുമാനം നല്ലതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജാതി സെൻസസ് നടപ്പാക്കേണ്ടത് വർത്തമാന കാലത്തിന്റെ ആവശ്യമാണ്. അതിനായി ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തിൽ സന്തോഷം. സംവരണത്തെ സംബന്ധിച്ച് തർക്കമുണ്ട്. ഇതിന് പരിഹാരം കാണാൻ ജാതി സെൻസസിനാകും. സുതാര്യമായ ജാതി സെൻസെസാണ് വേണ്ടത്. കേരളത്തിൽ ജാതിയുണ്ട്, മതമുണ്ട്, വർണവുമുണ്ട്. അങ്ങനെ ഇല്ലെന്നു പറയരുതെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
ജാതി സെൻസസ് എന്ന ആവശ്യം രാഹുൽ ഗാന്ധി നിരന്തരം ആവശ്യപ്പെട്ടതാണെന്നും സെൻസസ് നീട്ടിക്കൊണ്ട് പോയത് കേന്ദ്ര സർക്കാരാണെന്നും കോൺഗ്രസ് എംപി ഷാഫി പറമ്പിൽ പറഞ്ഞു. ജാതി സർവേ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം എന്നാണ് ആവശ്യം. ഈ ഉത്തരവാദിത്തം ഞങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമം. ജാതി സർവേ ഇൻഡ്യ മുന്നണിയുടെ രാഷ്ട്രീയ നിലപാടിൻ്റെ കൂടെ വിജയമാണെന്നും എംപി കൂട്ടിച്ചേർത്തു.