fbwpx
'സംസാരിക്കാനാവുക കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും, പിന്നെ ഞാന്‍ എന്തിന് പോകണം''; വിഴിഞ്ഞത്തേക്കില്ലെന്ന് വി.ഡി. സതീശന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 01 May, 2025 01:49 PM

രാജീവ് ചന്ദ്രശേഖറിന് ഉണ്ടായിരുന്ന കസേര പോലും കേരളത്തിലെ പ്രതിപക്ഷ നേതാവിന് അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ പിഎംഒയിലേക്ക് അയച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ.

KERALA


വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ പോലും കഴിയാത്ത സ്ഥലത്ത് താന്‍ എന്തിനാണ് പോകുന്നതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. വിവാദമായതിന് പിന്നാലെയാണ് അവിടെ തനിക്ക് ഒരു കസേര പോലും തരുന്നത്. രാജീവ് ചന്ദ്രശേഖറിന് ഉണ്ടായിരുന്ന കസേര പോലും കേരളത്തിലെ പ്രതിപക്ഷ നേതാവിന് അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പിന് അവര്‍ ചോദിക്കുന്നതിനനുസരിച്ച് സമയം നീട്ടിക്കൊടുത്തുകൊണ്ടിരിക്കുക എന്നല്ലാതെ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് സര്‍ഗക്കാര്‍ വിഴിഞ്ഞത്ത് കല്ലിട്ട സമയത്ത് പിണറായി വിജയന്‍ പറഞ്ഞത് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്നാണ്. എന്നിട്ട് എന്ത് തട്ടിപ്പാണ് നടന്നതെന്നും സതീശന്‍ ചോദിച്ചു.


അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുമെന്ന ഭയമാണ് സര്‍ക്കാരിന്. കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും മാത്രമാണ് സംസാരിക്കാന്‍ കഴിയുക. അവിടെ താന്‍ പോയിട്ട് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


പ്രതിപക്ഷ നേതാവിനെ ഔദ്യോഗിക പരിപാടിയിലേക്ക് ആദ്യം ക്ഷണിക്കാതിരുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതില്‍ അത്ഭുതമില്ല. ഔദ്യോഗിക പരിപാടികളില്‍ തൊട്ടുകൂടായ്മ കാണിക്കുന്നത് ബിജെപിയെ തൃപ്തിപ്പെടുത്താനാണ്. കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തപ്പോള്‍ വിഴിഞ്ഞത്ത് രാജീവ് ചന്ദ്രശേഖരനും പങ്കെടുക്കുന്നുവെന്നുമായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞത്.

ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. ഭരിക്കുന്നവര്‍ അതിന്റെ അപ്പനാകും. ഫാട്ടോ ആരുടെ വച്ചാലും കുഴപ്പമില്ല. ഉമ്മന്‍ചാണ്ടിയെ അഴിമതിയില്‍ മുക്കി എടുക്കാന്‍ നോക്കിയിട്ടും അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. പ്രതിപക്ഷ നേതാവ് പോയില്ലങ്കിലും കുഴപ്പമില്ല. പദ്ധതി യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിന് സര്‍ക്കാരിന്റെ ഒരു കത്ത് ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്. മറ്റു നിര്‍വാഹമില്ലാത്തതുകൊണ്ടാണ് എംപിയെയും എംഎല്‍എയും ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ തറവാട് സ്വത്തല്ല കേരളം എന്നും കെ മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പുള്ള അഡ്ജസ്റ്റ്‌മെന്റാണ് മോദിയും പിണറായി വിജയനും നടത്തുന്നത്. പഞ്ചായത്ത് മെമ്പര്‍ പോലുമല്ലാത്ത രാജീവ് ചന്ദ്രശേഖറിനെ ഉദ്ഘാടന പരിപാടിയില്‍ ക്ഷണിച്ചത് ഇതിന്റെ തെളിവ്. കുടുംബാംഗങ്ങളെയും കൂട്ടി വിഴിഞ്ഞത്ത് പോയത് ചട്ടലംഘനം. ആരുടെ പേര് നല്‍കണമെന്ന് അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ തീരുമാനിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.


വി.ഡി. സതീശന്റെ വാക്കുകള്‍


അദാനി ഗ്രൂപ്പിന് അവര്‍ ചോദിക്കുന്നതിനനുസരിച്ച് സമയം നീട്ടിക്കൊടുത്തുകൊണ്ടിരിക്കുക എന്നല്ലാതെ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. 2019 ല്‍ തീര്‍ക്കേണ്ടത് ആറ് വര്‍ഷം വൈകിട്ടാണ് തീര്‍ക്കുന്നത്. 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്നാണ് പിണറായി വിജയന്‍ ഈ വിഴിഞ്ഞത്ത് കല്ലിട്ട സമയത്ത് പറഞ്ഞത്. വിഴിഞ്ഞം പദ്ധതി തുടങ്ങുമ്പോള്‍ ഇന്ന് ക്രഡിറ്റ് എടുക്കാന്‍ ശ്രമിക്കുന്ന ഈ മുഖ്യമന്ത്രി അന്ന് പാര്‍ട്ടി സെക്രട്ടറിയാണ്. ഇത് കടല്‍ കൊള്ളയാണ് മത്സ്യത്തൊഴിലാളികളുടെ കണ്ണീരാണ് വീഴാന്‍ പോകുന്നത് എന്നൊക്കെയാണ് അന്ന് അദ്ദേഹം പറഞ്ഞത്.

ഒരു കണ്ണീരും വീണില്ലല്ലോ. ഒരു കടല്‍ കൊള്ളയും നടന്നില്ലല്ലോ. അവര്‍ തന്നെ വെച്ചല്ലോ സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി. ആ കമ്മീഷന്റെ റിപ്പോര്‍ട്ട് എന്താണ്? ഉമ്മന്‍ചാണ്ടി ചെയ്തതിന് മുഴുവന്‍ ക്ലീന്‍ ചിറ്റ് ആണ്. ആ മനുഷ്യനെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ അടുത്തുള്ള വീട്ടിലെ കാര്യത്തിന്റെ പതൃത്വം ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

എന്തെല്ലാം നുണയാണ് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞത്. എന്നെ ക്ഷണിച്ചില്ലെന്നത് മാധ്യമങ്ങളിലൂടെ വിവാദമായി. കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് നേതാക്കളുമൊക്കെ പ്രതികരിച്ചപ്പോള്‍ കഴിഞ്ഞ ദിവസത്തെ ഡേറ്റിട്ട് എനിക്ക് ഒരു കത്ത് കൊടുത്തുവിട്ടു. കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്, വിളിക്കുന്നില്ല, ഇത് നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാണ് എന്നാണ്. അത് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരിക്കുകയാണെന്ന്. പിന്നെ എങ്ങനെയാണ് ആ ദിവസത്തെ ഡേറ്റിട്ട് എനിക്ക് കത്ത് തരുന്നത്?

മാത്രമല്ല ഇപ്പോള്‍ പറയുന്നു മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും മാത്രമേ പ്രതികരിക്കുകയുള്ളു എന്ന്. പിന്നെ ഞാന്‍ എന്തിനാണ് പോകുന്നത്? അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുമെന്ന ഭയം കൊണ്ടാണ് നമ്മളെ മാറ്റിയത്. അത് അവരുടെ ഔചിത്യം. എനിക്ക് പരിഭവമോ പിണക്കമോ ഒന്നുമില്ല. ഇവരുടെ വീട്ടിലെ കല്യാണമൊന്നുമല്ലല്ലോ. പൊതുപരിപാടി അല്ലേ. അത് ജനം വിലയിരുത്തും. അതിലൊരു പ്രതിഷേധം പോലും എന്റെ ഭാഗത്ത് നിന്നില്ല. പങ്കെടുക്കേണ്ട കാര്യമില്ല. കേരളത്തിലെ പ്രതിപക്ഷത്തെ പ്രതിനിധാനം ചെയ്ത് സംസാരിക്കാനുള്ള അവസരമില്ല. രാജീവ് ചന്ദ്രശേഖറിന് ഉണ്ടായിരുന്ന കസേര പോലും കേരളത്തിലെ പ്രതിപക്ഷ നേതാവിന് അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ പിഎംഒയിലേക്ക് അയച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ആണോ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നത് എന്ന് ബിജെപിക്കാര്‍ വ്യക്തമാക്കണം. ഇനി ഒരുമിച്ച് ആഘോഷിക്കണമെങ്കില്‍ ആവട്ടെ എന്നും അദ്ദേഹം പറഞ്ഞു.



KERALA
സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു, അറസ്റ്റ് കൊണ്ട് അത് ബോധ്യപ്പെട്ടു: വേടന്‍
Also Read
user
Share This

Popular

KERALA
NATIONAL
പെൻഷൻ പണം ചെലവാക്കിയതിൽ വിരോധം; കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന് വയോധികൻ