
ആറു മാസങ്ങള്‍ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജയില്‍ മോചനം. ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട് സിബിഐയുടെ അഴിമതി വിരുദ്ധ ആക്ട് പ്രകാരമുള്ള കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 2024 ജൂൺ 26നാണ് ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്.
വെളളിയാഴ്ച, സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചതിലൂടെയാണ് കെജ്‌രിവാളിന്‍റെ മോചനം സാധ്യമായത്. ഹർജിയില്‍ ബെഞ്ചിന്‍റേത് ഭിന്നവിധിയായിരുന്നു. എന്നാല്‍ ജാമ്യം അനുവദിക്കണമെന്നതില്‍ ഇരു ജഡ്ജിമാർക്കും ഒരേ അഭിപ്രായമായിരുന്നു. കേസില്‍ കുറ്റുത്രം സമർപ്പിച്ചിട്ടുണ്ടെന്നും വിചാരണ സമീപ ഭാവിയില്‍ അവസാനിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി.
Also Read: ഒടുവില്‍ മോചനം; ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം
ജസ്റ്റിസ് ഉജ്ജൽ ഭുയാന്‍ വിധിയിൽ കേന്ദ്ര ഏജൻസികളെയും രൂക്ഷമായി വിമർശിച്ചു. ഇഡി കേസിൽ ജാമ്യം ലഭിക്കുന്ന ഘട്ടം വന്നപ്പോഴാണ് സിബിഐ കസ്റ്റഡി ആവശ്യപ്പെട്ട് വന്നത്. കേസ് രജിസ്റ്റർ ചെയ്ത് 22 മാസത്തോളം സിബിഐ അറസ്റ്റ്, കസ്റ്റഡി കാര്യങ്ങളിൽ മൗനം പാലിക്കുകയായിരുന്നു. സിബിഐ അറസ്റ്റിൽ ദുരൂഹതയുണ്ടെന്നും സംശയിക്കാം. വിചാരണക്ക് മുൻപുള്ള നടപടികൾ ശിക്ഷയായി മാറുന്നില്ലെന്ന് കോടതികൾ ഉറപ്പാക്കണമെന്നും ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു.
"ട്രയല്‍ കോടതി ഹർജിക്കാരന് ഇഡി കേസില്‍ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് സിബിഐ സജീവമായതും കസ്റ്റഡി ആവശ്യപ്പെട്ടതും. 22 മാസം അവർക്ക് അറസ്റ്റിന്‍റെ അവശ്യമുണ്ടെന്ന് തോന്നിയിരുന്നില്ല. ഇത്തരം പ്രവർത്തികൾ അറസ്റ്റില്‍ തന്നെ ഗൗരവതരമായ ചോദ്യങ്ങള്‍ ഉയർത്തുന്നു. ഇഡി കേസില്‍ മോചനത്തിന്‍റെ വക്കിലെത്തിയപ്പോള്‍ ഹർജിക്കാരനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ കാണിച്ച തിടുക്കം മനസിലാക്കാന്‍ സാധിക്കുന്നില്ല. വൈകിയുണ്ടായ ഹർജിക്കാരന്‍റെ അറസ്റ്റ് അന്യായമാണ്, ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു.
ഇഡി കെജ്‍രിവാളിനെതിരെ ഫയല്‍ ചെയ്ത കൂടുതല്‍ കർശനമായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം കിട്ടിയ സ്ഥിതിക്ക് സിബിഐയുടെ അഴിമതി നിരോധന ആക്ട് പ്രകാരമുള്ള കേസില്‍ തടവില്‍ വെയ്ക്കുന്നത് നീതിയല്ല. ഇടക്കാല ജാമ്യം അനുവദിക്കുമ്പോഴും കെജ്‌രിവാള്‍ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഉപാധിയിലും ജസ്റ്റിസ് ഭുയാന് ഭിന്നാഭിപ്രായമായിരുന്നു. എന്നാല്‍ ഇതിനെ പ്രതി പ്രത്യേക നിർദേശങ്ങളൊന്നും ജസ്റ്റിസ് മുന്നോട്ടുവെച്ചില്ല.
ന്യായപൂർണമായ അന്വേഷണം നടത്തുന്നതിനായി സിബിഐയെ ഏജന്‍സിയുടെ കടമകളെ ഓർമിപ്പിക്കാനും ജസ്റ്റിസ് ഭുയാന്‍ മറന്നില്ല.
"സിബിഐ പ്രധാനപ്പെട്ടൊരു അന്വേഷണ ഏജന്‍സിയാണ്. അന്വേഷണം നീതിപൂർണമല്ല നടക്കുന്നതെന്ന കാഴ്ചപ്പാട് മാറ്റാന്‍ ശ്രമിക്കണം. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ കാഴ്ചപ്പാടുകള്‍ പ്രധാനപ്പെട്ടതാണ്. സീസറിൻ്റെ ഭാര്യയെപ്പോലെ, ഒരു അന്വേഷണ ഏജൻസി ഭരണസമിതികള്‍ക്ക് മുകളിലായിരിക്കണം. കുറച്ച് കാലം മുന്‍പ്, ഈ കോടതി സിബിഐയെ കൂട്ടിലടച്ച തത്തയോട് ഉപമിച്ചിരുന്നു. കൂട്ടിലടച്ച തത്തയാണെന്ന ധാരണ സിബിഐ പൊളിക്കേണ്ടത് അനിവാര്യമാണ്. മറിച്ച്, കൂട്ടിലടച്ച തത്ത തന്നെയെന്ന ധാരണയുണ്ടാക്കരുത്"
എന്നാല്‍, കെജ്‌രിവാളിന്‍റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ ക്രമക്കേട് സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്‍റെ നിരീക്ഷണം. അറസ്റ്റ് ചെയ്യുന്നതിനായി സിബിഐ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 41 മറികടന്നിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
2021 നവംബർ 17നാണ് ഡൽഹി സർക്കാർ സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മദ്യ വില്‍പന ആധുനികവത്കരിക്കുക, മദ്യ മാഫിയകളെ നിയന്ത്രിക്കുക, കരിഞ്ചന്ത അവസാനിപ്പിക്കുക. ഇതൊക്കെയായിരുന്നു പുതിയ മദ്യനയത്തിന്‍റെ ലക്ഷ്യം. എന്നാല്‍ ഇതിനു പിന്നാലെ നയ രൂപീകരണം സ്വകാര്യ വ്യക്തികള്‍ക്കും കോർപ്പറേറ്റുകള്‍ക്കും വേണ്ടിയാണെന്ന് ആരോപണം ഉയർന്നു. മാത്രമല്ല, അഴിമതിയില്‍ കെജ്‍രിവാളിന് നേരിട്ട് പങ്കുണ്ടെന്നും വിമർശനം വന്നു. പിന്നീട് അറസ്റ്റ് ചെയ്തപ്പോള്‍ ഇഡിയും കേസിലെ കിങ്പിന്‍ ആയാണ് കെജ്‌രിവാളിനെ വിശേഷിപ്പിച്ചത്. തുടർച്ചയായ ജാമ്യ നിഷേധങ്ങള്‍ക്കൊടുവിലാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യവും ജയില്‍ മോചനവും ലഭിച്ചിരിക്കുന്നത്.