പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ 5.94 ശതമാനം പോയിന്റുകൾ നേടി മികവ് പുലർത്തി
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.41 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ 5.94 ശതമാനം പോയിന്റുകൾ നേടി മികവ് പുലർത്തി. പരീക്ഷ എഴുതിയ 91.64 ശതമാനം പെൺകുട്ടികളാണ് വിജയിച്ചത്.
പരീക്ഷ എഴുതിയ 16,92,794 വിദ്യാർഥികളിൽ 14,96,307 പേർ വിജയിച്ചു. 19,299 സ്കൂളുകളിലായി 7,330 പരീക്ഷാ സെന്ററുകളിലാണ് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ നടന്നത്. 17,04367 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. പരീക്ഷയെഴുതിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള മുഴുവൻ വിദ്യാർഥികളും മുഴുവന്‍ വിഷയങ്ങളിലും പാസായി.
99.60 ശതമാനം വിജയത്തോടെ വിജയവാഡ മേഖലയാണ് മുന്നിലുള്ളത്. ഏറ്റവും കുറഞ്ഞ വിജയശതമാനം (79.5%) പ്രയാഗ്‌രാജ് മേഖലയാണ്. 99.32 ശതമാനം വിദ്യാർഥികളാണ് തിരുവനന്തപുരം മേഖലയില്‍ വിജയിച്ചത്. 2024-25 അക്കാദമിക് സെഷൻ മുതൽ, അക്കാദമിക സമ്മർദവും അനാരോഗ്യകരമായ മത്സരവും കുറയ്ക്കുന്നതിനായി റിലേറ്റീവ് ഗ്രേഡിങ് സിസ്റ്റമാണ് സിബിഎസ്ഇ പിന്തുടരുന്നത്.
ALSO READ: പഞ്ചാബിൽ വിഷമദ്യ ദുരന്തം; 14 മരണം, ആറ് പേർ ചികിത്സയിൽ
cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ഡിജി ലോക്കറിലും ഉമങ് (UMANG) ആപ്പിലും ഇത്തവണ ഫലങ്ങൾ ലഭ്യമാകും. പരീക്ഷാർഥിയുടെ റോൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, സ്കൂൾ കോഡ്, ജനനത്തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് മാർക്ക് ഷീറ്റുകൾ പരിശോധിക്കാൻ സാധിക്കും.
ഡിജിലോക്കറിൽ എങ്ങനെ ഫലം അറിയാം?
ഡിജിലോക്കറിൽ ഫലം എങ്ങനെ പരിശോധിക്കാം
ഘട്ടം 1: 'DigiLocker' ആപ്പ് ഡൗൺലോഡ് ചെയ്യുക
ഘട്ടം 2: digiLocker.gov.in സന്ദർശിക്കുക
ഘട്ടം 3: നിങ്ങളുടെ റോൾ നമ്പർ, ക്ലാസ്, സ്കൂൾ കോഡ്, സ്കൂൾ നൽകിയ 6 അക്ക പിൻ എന്നിവ നൽകുക.
ഘട്ടം-4: സ്ഥിരീകരണത്തിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് അയച്ച OTP നൽകുക.
ഘട്ടം-5: നിങ്ങളുടെ മാർക്ക്ഷീറ്റ് സ്ക്രീനിൽ കാണാം.