ഇസ്രയേൽ- ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ലെബനനിൽ ആഘോഷങ്ങൾക്ക് തുടക്കമായി. അമേരിക്കയുടെയും ഫ്രാൻസിൻ്റെയും മധ്യസ്ഥതയിൽ ആഴ്ചകൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിൽ ധാരണയായത്. തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകനേതാക്കളും രംഗത്തെത്തി.
ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ തെക്കൻ ലെബനനിലേക്ക് ആളുകൾ തിരിച്ച് മടങ്ങുകയാണ്. ഹമാസാവട്ടെ ബെയ്റൂട്ടിൽ കൊടികളുയർത്തി ആളുകൾ ആഹ്ളാദം പ്രകടിപ്പിക്കുന്നു. മാസങ്ങൾ നീണ്ടുനിന്ന ജീവിതത്തിനും മരണത്തിനുമിടയിലെ അനിശ്ചിതാവസ്ഥക്ക് ഇതോടെ വിരാമമാകുകയാണ്.
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനാണ് ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന് ലോകത്തെ അറിയിച്ചത്. 10 - 1 എന്ന വോട്ടുനിലയിലാണ് ഇസ്രയേൽ ക്യാബിനറ്റിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രിയുമായും ലെബനീസ് കെയർ ടേക്കർ പ്രധാനമന്ത്രിയുമായും സംസാരിച്ചെന്നും ഇന്ന് പ്രാദേശിക സമയം നാലോടെ വെടിനിർത്തൽ നിലവിൽ വരുമെന്നുമായിരുന്നു ബൈഡൻ വ്യക്തമാക്കിയത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് വെടിനിർത്തൽ കരാർ തയ്യാറാക്കിയതെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
അതേസമയം വെടിനിർത്തലിൽ ഹെസ്ബുള്ള ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആയിരക്കണക്കിന് പേർ ഇനിയും ഈ സംഘത്തിൽ ചേരുമെന്നായിരുന്നു ഹിസ്ബുള്ളയുടെ മുതിർന്ന നേതാവും ലെബനനിലെ പാർലമെൻ്റ് അംഗവുമായ ഹസ്സൻ ഫദ്‌ലല്ലയുടെ പ്രതികരണം. തീരുമാനത്തിൽ ഇതുവരെ ഹമാസും ഹൂതികളും പ്രതികരിക്കാൻ തയ്യാറായില്ല.
ലെബനനിലെ വെടിനിർത്തൽ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകനേതാക്കളും രംഗത്തെത്തി. ഇരുപക്ഷത്തിൻ്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത യുഎൻ ഇനിയും ഒരുപാട് കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും വ്യക്തമാക്കി. വെടിനിർത്തലിനെ ഇസ്രയേൽ പ്രധാനമന്ത്രിയും ലെബനീസ് പ്രധാനമന്ത്രിയും സ്വാഗതം ചെയ്തു. വെടിനിർത്തൽ തീരുമാനം മേഖലക്ക് ലഭിക്കുന്ന പ്രതീക്ഷയുടെ കിരണമാണെന്ന് ജർമൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഇറാനും യൂറോപ്യൻ യൂണിയൻ മേധാവിയു വെടിനിർത്തൽ തീരുമാനത്തെ സ്വാഗതം ചെയ്തു. ലെബനീസ് സർക്കാരിനും പ്രതിരോധങ്ങൾക്കും പൂർണ പിന്തുണയുണ്ടെന്നാണ് ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. ഇരുപക്ഷത്തെയും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് നടപടിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു.