ഇത്തരം സെൻസിറ്റീവ് വിഷയങ്ങൾ പുറത്തുവിടുന്നത് സൈനിക നീക്കങ്ങളുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്നും ജീവൻ അപകടപ്പെടുത്തുമെന്നുമാണ് കേന്ദ്ര മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
സൈനിക നീക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ. സൈനിക നീക്കങ്ങൾ ലൈവായി ടെലികാസ്റ് ചെയ്യരുതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം നിർദേശം നൽകി. എല്ലാ മാധ്യമ ചാനലുകളും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും, വ്യക്തികളും സൈന്യത്തിൻ്റെ നീക്കങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിർദേശം.
ഇത്തരം സെൻസിറ്റീവ് വിഷയങ്ങൾ പുറത്തുവിടുന്നത് സൈനിക നീക്കങ്ങളുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്നും ജീവൻ അപകടപ്പെടുത്തുമെന്നുമാണ് കേന്ദ്ര മുന്നറിയിപ്പ്. കാർഗിൽ യുദ്ധം, 26/11 ആക്രമണം, കാണ്ഡഹാർ ഹൈജാക്കിങ് തുടങ്ങിയ മുൻകാല സംഭവങ്ങളുടെ റിപ്പോർട്ടിങ് ഉദാഹരണമായി നിരത്തിയാണ് മുന്നറിയിപ്പ്. ഭീകര വിരുദ്ധ നീക്കങ്ങളിൽ ഔദ്യോഗിക അറിയിപ്പുകളും വിവരങ്ങളും മാത്രം നൽകാൻ ശ്രദ്ധിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
2021 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (ഭേദഗതി) നിയമങ്ങളുടെ 6(1) (p) വകുപ്പ് പ്രകാരം, ഭീകരവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയുക്ത ഉദ്യോഗസ്ഥരുടെ ആനുകാലിക വിശദീകരണങ്ങൾ മാത്രമേ ടെലികാസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്ന് പ്രതിരേധമന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ജാഗ്രത, സംവേദനക്ഷമത, ഉത്തരവാദിത്തം എന്നിവ നിലനിർത്തിക്കൊണ്ട് ന്യൂസ് റിപ്പോർട്ടിങ്ങ് നടത്തണമെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.
ALSO READ: പ്രതിരോധം ശക്തമാക്കി ഇന്ത്യ; സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ഭീകരരെ സൈന്യം വധിച്ചു
അതേസമയം അതിർത്തി സംസ്ഥാനങ്ങളിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുകയാണ് ഇന്ത്യ. ജമ്മു കശ്മീരിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ഭീകരരെ ബിഎസ്എഫ് വധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ പതറിയിട്ടും പാകിസ്ഥാൻ പ്രകോപനം തുടരുന്നു എന്നതാണ് ആശങ്ക ഉയർത്തുന്നത്.
ഉറിയിലെ പാക് ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മെഡിക്കൽ കോളജിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യമുടനീളം അതീവ സുരക്ഷാവലയത്തിലാണ്. പഞ്ചാബിലെ കമാഹി ദേവി മേഖലയിൽ നിന്ന് മിസൈൽ കണ്ടെത്തി. ഹോഷിയാർപൂരിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.