
ദീപാവലിക്ക് മുന്നോടിയായി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ച് കേന്ദ്രം. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത 42% ത്തിൽ നിന്നും 45 ശതമാനമായി ഉയരും. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2024 ജൂലൈ മുതലുള്ള ശമ്പളത്തിലായിരിക്കും ക്ഷാമബത്ത പ്രാബല്യത്തിൽ വരിക.
ക്ഷാമബത്ത 3 ശതമാനം വർധിക്കുന്നതോടെ പ്രതിമാസം ഏകദേശം 18,000 രൂപ പ്രാരംഭ ശമ്പളമുള്ള ഒരു എൻട്രി-ലെവൽ കേന്ദ്ര സർക്കാർ ജീവനക്കാരന്, ഏകദേശം 540 രൂപയുടെ വർധനവ് പ്രതീക്ഷിക്കാം. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കും. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കാര്യമായ നേട്ടമുണ്ടാകും.
ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ശമ്പള വ്യവസ്ഥയിലെ പ്രധാന ഘടകമാണ് ക്ഷാമബത്ത. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വിലക്കയറ്റ സമയത്ത് നഷ്ടപരിഹാരം നൽകാനാണ് ക്ഷാമബത്ത അഥവാ ഡിയർനസ് അലവൻസ്(ഡിഎ) നൽകുന്നത്. ജീവനക്കാരുടെ ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയുടെ(കൺസ്യൂമർ പ്രൈസ് ഇൻഡെക്സ് ) അടിസ്ഥാനത്തിലാണ് ഡിഎ കണക്കാക്കുന്നത്.
ജനുവരി, ജൂലൈ മാസങ്ങളിൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ, വർഷത്തിൽ രണ്ടു തവണയാണ് കേന്ദ്രം ഡിഎ വർധിപ്പിക്കുന്നത്. മാർച്ച്, സെപ്തംബർ മാസങ്ങളിലാണ് സാധാരണയായി പ്രഖ്യാപനങ്ങൾ നടത്തുക. ജനുവരി ഡിഎ വർധനവ് സാധാരണയായി മാർച്ചിലെ ഹോളി സമയത്തും, ജൂലൈയിലെ വർധനവ് ഒക്ടോബറിലോ നവംബറിലോ ദീപാവലിയോട് അനുബന്ധിച്ചുമാണ് പ്രഖ്യാപിക്കാറ്.