ഒരു ദശാബ്ദത്തിനു ശേഷമുള്ള ജമ്മു കശ്മീരിൻ്റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ഒമർ അബ്ദുള്ള
ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തു. പ്രത്യേക പദവി നഷ്ടമായ ശേഷം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനു ലഭിക്കുന്ന ആദ്യ സർക്കാരാണിത്. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ വെച്ച് നടന്ന പരിപാടിയില്‍ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അഞ്ച് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് സുരിന്ദർ കുമാർ ചൗധരി ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സക്കീന ഇറ്റൂ, ജാവേദ് അഹമ്മദ് റാണ, ജാവേദ് അഹമ്മദ് ദാർ എന്നീ എന്‍സി എംഎല്‍എമാരും സ്വതന്ത്ര എം.എൽ.എ സതീഷ് ശർമയും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഒരു ദശാബ്ദത്തിനു ശേഷമുള്ള ജമ്മു കശ്മീരിൻ്റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ഒമർ അബ്ദുള്ള. സത്യപ്രതിജ്ഞ ചടങ്ങിനു മുന്‍പ് ഹസ്രത്ബാൽ ദേവാലയം സന്ദർശിച്ചിറങ്ങിയ ഒമർ, ജമ്മു കശ്മീരിന്‍റെ കേന്ദ്രഭരണ പ്രദേശമെന്ന പദവി താൽക്കാലികമാണെന്നും അത് മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
Also Read: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
"ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യാ ഗവൺമെൻ്റുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനുള്ള ഏറ്റവും നല്ല മാർഗം ജെകെ (ജമ്മു കശ്മീർ) യുടെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നതാണ്," ഒമർ അബ്ദുള്ള എഎൻഐയോട് പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്, മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് സൂചന. പുറത്തു നിന്ന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത് . എന്നാല്‍ മന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസുമായി ചർച്ച നടക്കുകയാണെന്നാണ് ഒമറിന്‍റെ പ്രതികരണം.
ഇന്ത്യ സഖ്യത്തിലെ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു ചടങ്ങിനെത്തി. എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലേ, ഡിഎംകെ നേതാവ് കനിമൊഴി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, അഖിലേഷ് യാദവ്, എഎപിയുടെ സഞ്ജയ് സിങ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇവരെക്കൂടാതെ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ചടങ്ങില്‍ പങ്കെടുത്തു.
Also Read: ജമ്മു കശ്മീർ മന്ത്രിസഭയിലേക്ക് കോൺഗ്രസ് ഇല്ല..? പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് സൂചന
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തില്‍ എൻസി 90 നിയമസഭാ സീറ്റുകളിൽ 42 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നാല് സ്വതന്ത്രർ കൂടി പിന്തുണ അറിയിച്ചതോടെ സീറ്റുകളുടെ എണ്ണം 46 ആയി ഉയർന്നു. ഇതോടെ കോണ്‍ഗ്രസിന്‍റെ പിന്തുണയില്ലാതെ തന്നെ ഭരിക്കാമെന്ന നിലയിലേക്ക് നാഷണല്‍ കോണ്‍ഫറന്‍സ് എത്തുകയായിരുന്നു.