''ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെക്കാന്‍ ഇനിയും ഉത്തരവിടും''; വനം വകുപ്പിനെ വെല്ലുവിളിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ്

വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളെ നേരിടാന്‍ അസാധാരണ തീരുമാനമായിരുന്നു നേരത്തേ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി എടുത്തത്.
''ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെക്കാന്‍ ഇനിയും ഉത്തരവിടും''; വനം വകുപ്പിനെ വെല്ലുവിളിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ്
Published on

ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെയ്ക്കാനുള്ള ഉത്തരവില്‍ വനം വകുപ്പ് തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് വി.സുനില്‍. വന്യമൃഗങ്ങളെ വെടിവെയ്ക്കാന്‍ ഇനിയും ഉത്തരവിടും. നേരത്തേ ഇതേ ഉത്തരവിട്ടതിന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി വനംവകുപ്പ് റദ്ദാക്കിയിരുന്നു. പദവിയില്‍ നിന്ന് മാറ്റിയതായി ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും വന്യമൃഗങ്ങള്‍ കാടിറങ്ങിയാല്‍ ഓണററി അധികാരം ഇനിയും ഉപയോഗിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളെ നേരിടാന്‍ അസാധാരണ തീരുമാനമായിരുന്നു നേരത്തേ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി എടുത്തത്. ജനവാസമേഖലയിലിറങ്ങുന്ന വന്യജീവി കടുവയോ പന്നിയോ കാട്ടുപോത്തോ അങ്ങനെ ഏതുമാകട്ടെ, വെടിവച്ചുകൊല്ലും. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഈ തീരുമാനത്തെ പിന്തുണച്ചു. പക്ഷേ നിയമപരമായി സാധുവല്ലാത്തതുകൊണ്ട് പിന്നീട് വലിയ വിവാദമായി.

തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് വനംവകുപ്പ് നല്‍കിയിരുന്ന ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് മാറ്റിയെന്ന സി.സി.സി എഫ് തീരുമാനവും വന്നു. പക്ഷേ പദവിയില്‍ നിന്ന് മാറ്റിയതായി മാധ്യമവാര്‍ത്തകളില്‍ നിന്ന് അറിഞ്ഞതല്ലാതെ തനിക്കോ ഗ്രാമപഞ്ചായത്തിനോ ഔദ്യോഗികമായി ഒരറിയിപ്പും കിട്ടിയിട്ടില്ല എന്ന് പ്രസിഡന്റ്. ഇനിയും ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങിയാല്‍ വെടിവയ്ക്കാന്‍ ഷൂട്ടേഴ്‌സ് സ്‌ക്വാഡിന് ഉത്തരവ് കൊടുക്കും.

ഈ തീരുമാനത്തെയും പഞ്ചായത്ത് അംഗങ്ങളും ജനങ്ങളും പ്രദേശത്തെ കര്‍ഷക സംഘടനകളും സ്വാഗതം ചെയ്യുകയാണ്. വന്യമൃഗങ്ങള്‍ അനിയന്ത്രിതമായ പെരുകുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് ആവശ്യം. ഉത്തരവ് നിയമലംഘനമാണെന്ന് തനിക്കും അറിയാം, പക്ഷേ കേന്ദ്ര വനനിയമം ചര്‍ച്ചയില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.സുനില്‍.

പ്രാദേശിക ഭരണകൂടം നിയമ ലംഘനത്തിന് നേരിട്ട് ആഹ്വാനം ചെയ്യുന്നത് അസാധാരണം എന്നായിരുന്നു വിഷയത്തില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മുമ്പ് പ്രതികരിച്ചത്.

10 വാര്‍ഡുകള്‍ വനഭൂമിയാല്‍ ചുറ്റപ്പെട്ട ചക്കിട്ടപ്പാറ പഞ്ചായത്തില്‍ വര്‍ഷങ്ങളായി വന്യജീവി ആക്രമണം രൂക്ഷമാണ്. തീരുമാനം വൈകാരികമല്ലെന്നും എന്ത് പ്രത്യാഘാതവും നേരിടാന്‍ തയ്യാറാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പിച്ചു പറയുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com