ചംപയ് സോറൻ ബിജെപിയിലേക്ക്; വെള്ളിയാഴ്ച അംഗത്വം സ്വീകരിക്കും

ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മയാണ് വിവരം സ്ഥിരീകരിച്ചു കൊണ്ട് എക്‌സ് പോസ്റ്റിട്ടത്
ചംപയ് സോറൻ ബിജെപിയിലേക്ക്; വെള്ളിയാഴ്ച അംഗത്വം സ്വീകരിക്കും
Published on

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ വെള്ളിയാഴ്ച ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയാണ് വിവരം സ്ഥിരീകരിച്ചു കൊണ്ട് എക്‌സ് പോസ്റ്റിട്ടത്. രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുക, പുതിയ പാർട്ടി രൂപീകരിക്കുക, മറ്റൊരോടെങ്കിലും കൂടെ ചേരുക എന്നീ സാധ്യതകളാണ് തനിക്ക് മുന്നിലുള്ളതെന്നാണ് ചംപയ് സോറൻ ജെഎംഎം വിടുന്ന വേളയിൽ പറഞ്ഞത്.

ചംപയ് സോറൻ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയർന്നിരുന്നു. കഴിഞ്ഞാഴ്ചയോടെ ആറ് എംഎൽഎമാർക്കൊപ്പം ചംപയ് സോറൻ ഡൽഹിയിലേക്ക് പോയതായും ബിജെപിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതായും എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കൂറുമാറ്റ സാധ്യതയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെയും ആരോപണങ്ങളെയും വ്യക്തിപരമായ ജോലികൾക്കായാണ് ഇവിടെ വന്നതെന്ന് പറഞ്ഞ് സോറൻ തള്ളി.

ജനുവരിയിൽ ഭൂമി തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റിന് മുന്നോടിയായി ഹേമന്ത് സോറൻ രാജിവെച്ചതോടെയാണ് ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിക്കസേരയിൽ എത്തിയത്. എന്നാൽ, അഞ്ച് മാസത്തിന് ശേഷം ഹേമന്ത് സോറന് ജാമ്യം ലഭിക്കുകയും, റാഞ്ചിയിൽ ഇന്ത്യ സഖ്യത്തിലെ എംഎൽഎമാർ ചേർന്ന യോഗത്തിൽ സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. തുടർന്ന് ചംപയ് സോറനെ രാജിവെപ്പിക്കുകയായിരുന്നു. ആ തീരുമാനത്തിൽ അതൃപ്തനായിരുന്നുവെന്നും, പാർട്ടിയിൽ നിന്ന് അപമാനവും അവഹേളനവും നേരിട്ടുവെന്നും എക്സിൽ കുറിച്ചുകൊണ്ട് ഈ മാസം 18നാണ് ജെഎംഎം വിടുന്നുവെന്ന് ചംപയ് സോറൻ വ്യക്തമാക്കിയത്. ചംപയ് സോറനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി രംഗത്തെത്തിയിരുന്നു. 'ചംപയ് ദാ, നിങ്ങളൊരു പുലിയായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇനിയും അങ്ങനെ തന്നെ തുടരും' എന്നും ജിതൻ റാം മാഞ്ചി പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com