ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് മാത്രമുള്ള ആനുകൂല്യം! പറയുന്നതില്‍ കാര്യമില്ലാതില്ല

ഇന്ത്യ പാകിസ്ഥാനിലേക്ക് വരാൻ വിസമ്മതിച്ചാല്‍, മറ്റെന്താണ് സംഭവിക്കുക?
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് മാത്രമുള്ള ആനുകൂല്യം! പറയുന്നതില്‍ കാര്യമില്ലാതില്ല
Published on



ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന് മാത്രം എന്തെങ്കിലും ആനുകൂല്യമുണ്ടോ? ഉണ്ടെന്നാണ് ഇംഗ്ലണ്ട് മുന്‍ താരങ്ങളായ നാസര്‍ ഹുസൈനും മൈക്കല്‍ ആതര്‍ട്ടണും പറയുന്നത്. സ്കൈ സ്പോര്‍ട്സ് പോഡ്കാസ്റ്റിലെ ഇരുവരുടെയും സംഭാഷണം കേട്ടാല്‍, പറയുന്നതില്‍ കാര്യമില്ലേ എന്നു തോന്നും. ദുബായ് സ്റ്റേഡിയം തന്നെയാണ് ഇന്ത്യക്കുള്ള 'നിഷേധിക്കാനാവാത്ത നേട്ടം' എന്നാണ് ഇരുവരുടെയും പക്ഷം.

ദുബായിൽ കളിക്കുന്നതിൽ, ദുബായിയില്‍ മാത്രം കളിക്കുന്നതുകൊണ്ട് ഇന്ത്യക്ക് എന്ത് നേട്ടമാണുള്ളത്? അത് തിട്ടപ്പെടുത്താന്‍ പ്രയാസമുള്ള ഒരു നേട്ടമാണ്. പക്ഷേ, നിഷേധിക്കാനാവാത്ത നേട്ടവുമാണ്, എന്നാണ് ആതര്‍ട്ടണ്‍ പറഞ്ഞത്. ഇന്ത്യ ഒരു വേദിയില്‍ മാത്രമാണ് കളിക്കുന്നത്. മറ്റു ടീമുകളെ പോലെ വേദികളില്‍നിന്ന് വേദികളിലേക്കോ, മറ്റൊരു രാജ്യത്തേക്കോ യാത്ര ചെയ്യേണ്ടതില്ല. അതുകൊണ്ട്, ദുബായിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീം സെലക്ട് ചെയ്യാന്‍ സാധിക്കും. സെമി ഫൈനല്‍ എവിടെയാണ് കളിക്കേണ്ടതെന്നും അവര്‍ക്ക് അറിയാം. അവിടേക്ക് എങ്ങനെയെത്തും എന്നതും അവര്‍ക്കറിയാം. അതൊരു നിഷേധിക്കാനാവാത്ത നേട്ടമാണെന്ന് തോന്നുന്നു. അത്ര എത്രത്തോളം വലിയ നേട്ടമാണെന്ന് വിലയിരുത്തുക പ്രയാസകരമാണെന്നും ആതര്‍ട്ടണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദുബായിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ടീമിനെ സജ്ജമാക്കിയതിനെ കുറിച്ചായിരുന്നു നാസര്‍ സംസാരിച്ചത്. ഇന്ത്യ വളരെ സമര്‍ത്ഥമായാണ് ടീമിനെ തിരഞ്ഞെടുത്തത്. ദുബായ് സ്റ്റേഡിയം എങ്ങനെയാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് എല്ലാം സ്പിന്നര്‍മാരെയും അവര്‍ സെലക്ട് ചെയ്തു. എന്തുകൊണ്ട് ഒരു അഡീഷണല്‍ സീമര്‍ ഇല്ലെന്ന ചോദ്യവും ചര്‍ച്ചയും ഇന്ത്യന്‍ മാധ്യമങ്ങള്‍ വരെ ഉന്നയിച്ചിരുന്നു. ഇംഗ്ലണ്ടിനും പാകിസ്ഥാനുമൊക്കെ ഒറ്റ സ്പിന്നര്‍ മാത്രമാണുണ്ടായിരുന്നത്. ഇത്തരം പ്രശ്നങ്ങളൊന്നും ഇന്ത്യക്ക് നേരിടേണ്ടിവന്നില്ല. ഒരു വേദിയില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ടീം സെലക്ഷനില്‍ നേരിടേണ്ടിവരുന്ന സങ്കീര്‍ണതയും ഇന്ത്യയെ ബാധിച്ചിട്ടില്ല. മറ്റു ടീമുകൾക്ക് കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങൾക്കായി പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കേണ്ടിവരും. യാത്ര ചെയ്തും കളിച്ചും അതിനോട് പൊരുത്തപ്പെടേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യക്ക് ലഭിച്ചതൊരു നേട്ടമാണ്. ഇന്ത്യ പാകിസ്ഥാനിലേക്ക് വരാൻ വിസമ്മതിച്ചാല്‍, മറ്റെന്താണ് സംഭവിക്കുക? ഇന്ത്യയും പാകിസ്ഥാനും ഇല്ലാതെ ഇതുപോലൊരു ടൂര്‍ണമെന്റ് സാധ്യവുമല്ലെന്ന് നാസര്‍ പറഞ്ഞു.

പാകിസ്ഥാന്‍ ആതിഥ്യം വഹിക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലെ മത്സരങ്ങള്‍ ലാഹോര്‍, റാവല്‍പിണ്ടി, കറാച്ചി സ്റ്റേഡിയങ്ങളിലായാണ് നടത്തപ്പെടുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലും. ഇന്ത്യയുമായുള്ള മത്സരത്തിനായി ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍ ദുബായിയിലെത്തണം. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെയും പാകിസ്ഥാനെയും പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരവും, സെമി ഫൈനലും, അതില്‍ ജയിച്ചാല്‍ ഫൈനലും ഇന്ത്യ കളിക്കുക ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തന്നെയാണ്. എതിരാളികള്‍ ദുബായിയിലെത്തണം. മറ്റു ടീമുകള്‍ക്ക് പലതരം സ്റ്റേഡിയത്തില്‍ കളിക്കേണ്ടിവരുമ്പോള്‍, ഇന്ത്യക്ക് ദുബായ് സ്റ്റേഡിയം മാത്രം നോക്കിയാല്‍ മതി. യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളോ, വിശ്രമത്തിന് മതിയായ സമയം കിട്ടാത്ത സാഹചര്യമോ ഇല്ല. എല്ലാത്തിനുമപരി പലതരത്തിലുള്ള സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും ബാധിക്കില്ല. സ്റ്റേഡിയം, കാലാവസ്ഥ, പിച്ചിന്റെ സ്വഭാവം എന്നിവ അനുസരിച്ച് പ്ലെയിങ് ഇലവനെ മാറ്റേണ്ട സാഹചര്യവുമില്ല. ഓരോ മത്സരം കഴിയുന്നതനുസരിച്ച്, പ്ലെയിങ് ഇലവനെ പൂര്‍ണതോതില്‍ സജ്ജമാക്കിയെടുക്കാനും ഇന്ത്യക്ക് സാധിക്കും. ഇക്കാര്യം തന്നെയാണ് ഹുസൈനും ആതര്‍ട്ടണും തമ്മിലുള്ള സംഭാഷണത്തിലും നിറഞ്ഞുനിന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com