'വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ല': പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

പരാതിക്കാരി വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണെന്ന കാര്യം പ്രോസിക്യൂഷനും ശരിവച്ചതോടെയാണ് ഹർജിക്കാരൻ കുറ്റവിമുക്തനായത്
'വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ല': പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി
Published on

വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. നിയമപരമായ മറ്റൊരു വിവാഹം സാദ്ധ്യമല്ലെന്നിരിക്കേ, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണെന്നു വേണം കരുതാനെന്നും കോടതി അറിയിച്ചു. പാലക്കാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ പീഡനക്കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. പരാതിക്കാരി വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണെന്ന കാര്യം പ്രോസിക്യൂഷനും ശരിവച്ചതോടെയാണ് ഹർജിക്കാരൻ കുറ്റവിമുക്തനായത്.

Also Read: കോട്ടയം നഴ്സിങ് കോളേജ് റാഗിങ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

വിവാഹ വാഗ്ദാനം നൽകി തന്നെ തൃശൂരിലും ഗുരുവായൂരും കൊണ്ടുപോയി പല തവണ പീഡിപ്പിച്ച ശേഷം വഞ്ചിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. 9,30,000 രൂപ പ്രതി പരാതിക്കാരിയിൽ നിന്നും വാങ്ങിയെന്നും പരാതിയിൽ പറയുന്നുണ്ട്. പ്രതിക്കെതിരെ അനധികൃതമായി തടങ്കലില്‍ വയ്ക്കല്‍, ഒരേ സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്. എന്നാൽ യുവതിക്ക് ഭർത്താവും മക്കളുമുണ്ടെന്നത് മറച്ചുവച്ചാണ് താനുമായി അടുത്തതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പരാതിക്കാരി വിവാഹിതയാണെന്നും രണ്ട് മക്കളുണ്ടെന്നും പ്രോസിക്യൂഷനും ശരിവച്ചതിനെ തുടർന്ന് കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.


ലൈംഗികാതിക്രമ പരാതികൾ വ്യാജമാണെന്ന് കണ്ടാൽ സ്ത്രീകൾക്കെതിരെ നടപടി ഉണ്ടാകണമെന്ന് മറ്റൊരു കേസ് പരി​ഗണിച്ച ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. സ്ത്രീ പരാതി ഉന്നയിച്ചതെന്നത് കൊണ്ട് മാത്രം ആരോപണങ്ങളെല്ലാം സത്യമാകണമെന്നില്ല. പരാതികളിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ചില സ്ത്രീകൾ ഗുരുതരമായ ലൈംഗികാരോപണങ്ങൾ നിരപരാധികൾക്കെതിരെ ഉന്നയിക്കുന്ന പ്രവണതയുണ്ടെന്നും പരാതികളിൽ മറുഭാഗത്തിന് പറയാനുള്ളത് കേൾക്കാതിരിക്കരുതെന്നും കോടതി പറഞ്ഞു. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലായിരുന്നു പരാമർശങ്ങൾ. ഇത്തരം വ്യാജ ആരോപണങ്ങൾ കാരണം ഒരു പൗരനുണ്ടാകുന്ന ആഘാതം പണം കൊണ്ട് പരിഹരിക്കാനാകില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. അയാളുടെ സത്യസന്ധത, സമൂഹത്തിലെ സ്ഥാനം, പ്രശസ്തി തുടങ്ങിയവയെല്ലാം ഒരൊറ്റ വ്യാജ പരാതിയിലൂടെ ഇല്ലാതാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com