രേണുക സ്വാമി കൊലപാതകം; നടൻ ദർശനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

രേണുക സ്വാമി മർദിക്കരുതെന്ന് പറയുന്ന ദൃശൃങ്ങൾ ഉൾപ്പെടെ 200 ലധികം തെളിവുകളാണ് ദർശനെതിരെ പൊലീസ് നിരത്തിയത്.
ദർശൻ  തീഗുദീപ
ദർശൻ തീഗുദീപ
Published on

രേണുക സ്വാമി കൊലപാതകക്കേസിൽ കന്നഡ നടൻ ദർശൻ തീഗുദീപക്കെതിരെ കുറ്റപ്പത്രം സമർപ്പിച്ച് ബെംഗുളൂ പൊലീസ്. രേണുക സ്വാമി മർദിക്കരുതെന്ന് പറയുന്ന ദൃശൃങ്ങൾ ഉൾപ്പെടെ 200 ലധികം തെളിവുകളാണ് ദർശനെതിരെ പൊലീസ് നിരത്തിയത്. ദർശൻ സെപ്റ്റംബർ ഒമ്പതു വരെ ജൂഡിഷ്യൽ കസ്റ്റഡിയിൽ തുടരും.

ജൂൺ എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ ഓട്ടോഡ്രൈവർ രേണുക സ്വാമിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദർശൻ്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതക കാരണം. സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു ആദ്യം പിടിയിലായ മൂന്നുപേർ പൊലീസിന് നൽകിയ മൊഴി. എന്നാൽ തുടരന്വേഷണത്തിൽ ജൂൺ പതിനൊന്നിന് മൈസൂരിലെ ഫാം ഹൗസിൽ വെച്ച് ദർശനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട രേണുക സ്വാമി തന്നെ മർദിക്കരുതെന്ന് പറയുന്ന ദൃശൃം, നടി പവിത്ര ഗൗഡയുടെ ചെരുപ്പിൽ നിന്ന് കണ്ടെത്തിയ രക്തക്കറ എന്നിവയെല്ലാം കേസിലെ പ്രധാന  തെളിവുകളാണ്. രേണുക സ്വാമിയെ ക്രൂരമായി മർദ്ദിച്ചതായും ഷോക്കേൽപ്പിച്ചതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ദർശൻ, പവിത്ര ഗൗഡ എന്നിവരോടൊപ്പം 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015 മുതൽ ദർശനുമായുള്ള പവിത്ര ഗൗഡയുടെ ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിൽ ഗുണ്ടാ നേതാവിനൊപ്പമിരുന്ന് ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ദർശൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.നീതിന്യായ വ്യവസ്ഥയ്ക്കുള്ളിലെ സെലിബ്രിറ്റികളോടുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വന്നതോടൊണ് ബല്ലാരി സെൻട്രൽ ജയിലേക്ക് മാറ്റുന്നത്. അതീവ രഹസ്യമായും സുരക്ഷയോടും കൂടിയായിരുന്നു ജയിൽ മാറ്റം. അതുകൊണ്ട് മാത്രം തീർന്നില്ല, ദർശനോടുള്ള പരിഗണന. നടുവേദനയെ തുടർന്ന് സർജിക്കൽ ചെയർ അനുവദിച്ചതും വസ്ത്രങ്ങളും ഡ്രൈ ഫ്രൂട്ട്‌സുമായി വന്ന ഭാര്യയുടെ സന്ദർശനവും വിമർശന വിധേയമായിരുന്നു. ഹേമന്ത് കുമാർ എന്നാണ് ദർശൻ്റെ യഥാർത്ഥ പേര്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com