fbwpx
"ചീസ്, ലോകത്തിൽ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട ഭക്ഷണം"
logo

ലിന്റു ഗീത

Last Updated : 11 Nov, 2024 06:30 PM

ഈയടുത്ത് ലണ്ടനിൽ നടന്ന വൻ ചീസ് മോഷണത്തോടെയാണ് ചീസ് മോഷണങ്ങളെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നത്

EXPLAINER


മോഷണങ്ങളെപ്പറ്റി പറയുമ്പോൾ സാധാരണയായി മനസ്സിൽ വരുന്നത് സ്വർണം, വൈരം, രത്നങ്ങൾ തുടങ്ങിയ വിലകൂടിയ വസ്തുക്കളും, ബാങ്ക്, കാസിനോ, നിലവറകൾ എന്നിവയൊക്കെയാണ്. ഭക്ഷണസാധനങ്ങൾ മോഷ്ടിക്കുന്നത് നമുക്ക് അത്ര പരിചിതമായ ഒരു കാര്യമല്ല. എന്നാൽ അത്തരത്തിൽ നിരന്തരമായി മോഷ്ടിക്കപ്പെടുന്ന ഒരു ഭക്ഷണം സാധനം ലോകത്തുണ്ടെങ്കിലോ!. അതിശയം തോന്നുണ്ടോ? എന്നാൽ വിശ്വസിച്ചേ പറ്റൂ. ലോകത്ത് തന്നെ ഏറ്റവുമധികം തവണ മോഷ്ടിക്കപ്പെട്ടിട്ടുള്ള ഭക്ഷണസാധനമാണ് ചീസ്. ബ്രിട്ടനിലെ സെൻ്റർ ഫോർ റീട്ടെയിൽ റിസർച്ച് നടത്തിയ പഠനത്തിലാണ് ലോകത്ത് ഏറ്റവും കൂടുതൽ മോഷണം പോകുന്ന ഭക്ഷണം ചീസ് ആണെന്ന് കണ്ടെത്തിയത്. ഇവരുടെ റിപ്പോർട്ടനുസരിച്ച് ലോകത്ത് പ്രതിവർഷം നിർമിക്കുന്ന ചീസിന്റെ ഏകദേശം നാല് ശതമാനമാണ് മോഷ്ടിക്കപ്പെടുന്നത്.


ALSO READ: ആരാണ് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ സമൂസ കഴിച്ചത്?


ഈയടുത്ത് ലണ്ടനിൽ നടന്ന വൻ ചീസ് മോഷണത്തോടെയാണ് ചീസ് മോഷണങ്ങളെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നത്. ദ ഗ്രേറ്റ് ചീസ് റോബറി" എന്ന തലക്കെട്ടോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്. ഒക്‌ടോബർ 21 തിങ്കളാഴ്ചയാണ് 22,000 കിലോഗ്രാം ചീസ് ആണ് കൊള്ളക്കാർ തട്ടിയെടുത്തത്. സൗത്ത്‌വാർക്ക് ആസ്ഥാനമായുള്ള നീൽസ് യാർഡ് ഡയറിയിൽ നിന്നാണ് വൻതോതിൽ ചീസ് മോഷ്ടിക്കപ്പെട്ടത്. ഒരു ഫ്രഞ്ച് ഷോപ്പിൻ്റെ മൊത്തവ്യാപാര വിതരണക്കാരായി നടിച്ചെത്തിയ കൊള്ളസംഘമാണ് തട്ടിപ്പ് നടത്തിയത്. ഏകദേശം മൂന്നു കോടിയിലധികം രൂപ വിലമതിക്കുന്ന ഒന്നാം തരം ക്വാളിറ്റിയിലുള്ള ചീസാണ് മോഷണം പോയത്. എന്താകും ഇത്രയധികം ചീസ് മോഷണങ്ങൾ നടക്കാൻ കാരണം.


എന്തുകൊണ്ട് ചീസ്?

വേൾഡ് ട്രേഡ് ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച് കള്ളക്കടത്ത്, മോഷണം തുടങ്ങിയ ഭക്ഷണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാൽ ആഗോള ഭക്ഷ്യ വ്യവസായത്തിന് പ്രതിവർഷം നഷ്ടമാകുന്നത് 30 മുതൽ 50 ബില്യൺ ഡോളർ വരെയാണ്. എന്നാൽ ഈ ഭക്ഷ്യ കുറ്റകൃത്യങ്ങളിൽ പലതും നടന്നത് ചീസ് വ്യവസായവുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ച് ആഡംബര ചീസുകളെ ലക്ഷ്യം വെച്ചുള്ളത്.

പ്രധാനമായും ചീസിന്റെ മൂല്യം തന്നെയാണ് അത് മോഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ കണക്കനുസരിച്ച് 2022 ജനുവരിക്കും 2024 ജനുവരിക്കുമിടയിൽ യുകെയിൽ ഭക്ഷണത്തിൻ്റെയും മദ്യം, ഇതര പാനീയങ്ങളുടെയും മൊത്തത്തിലുള്ള വില ഏകദേശം 25% ആയാണ് ഉയർന്നത്. അതേസമയം, സമാനമായ വിലവർധന ഒരു വർഷത്തിനുള്ളിലാണ് ചീസിന് മാത്രം ഉയർന്നത്. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം മൂലവും ലോക വിപണിയിൽ ചീസിന് വലിയ രീതിയിലുള്ള വില വർദ്ധനവുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വിലയെ മാത്രം അടിസ്ഥാനമാക്കിയാൽ മോഷ്ടിക്കപെടാൻ ഏറ്റവുമധികം സാധ്യതയുള്ള ഭക്ഷണങ്ങളിൽ ഒന്നുതന്നെയാണ് ചീസ്.


ALSO READ: ഏഷ്യൻ ബേബി ഫുഡിൽ മറഞ്ഞിരിക്കുന്ന പഞ്ചസാര ആശങ്കകൾക്ക് വഴിവെക്കുന്നു; റിപ്പോർട്ട്


എന്നാൽ കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണം കൂടിയാണ് ചീസ്. പ്രത്യേകിച്ച് ഫാംഹൗസ് ചീസ്. ഇതിലുൾപ്പെടുന്നു ഭൂരിഭാഗം ചീസും ഭാരമേറിയതും വലുതുമായിരിക്കും. അതുകൊണ്ടുതന്നെ പ്രത്യേക ഊഷ്മാവിൽ മാത്രമേ ഇത് സൂക്ഷിക്കാൻ കഴിയുള്ളു. കൂടാതെ ഇത് കൊണ്ടുപോകുന്നത് വളരെ ചെലവേറിയാതായതിനാൽ തന്നെ വിദഗ്ദ്ധനായ ഒരു മോഷ്ടാവിനെ മാത്രമേ അത് മികച്ചരീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളു  എന്നാണ് പറയപ്പെടുന്നത്.

മോഷണം ഏറ്റവുമധികം നടക്കുന്നത് സൂപ്പർ മാർക്കറ്റുകളിൽ

ചീസ് മോഷണങ്ങളിൽ ഭൂരിഭാഗം മോഷണങ്ങളും നടക്കുന്നത് ഷോപ്പുകൾ വഴിയും, സൂപ്പർ മാർക്കറ്റുകൾ വഴിയുമാണ്. യുകെയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ സെയിൻസ്‌ബറിയിൽ നടത്തിയ ആവർത്തിച്ചുള്ള മോഷണങ്ങൾ കാരണം ഒരു ഉപഭോക്താവിന് ആജീവനാന്ത വിലക്കേർപ്പെടുത്തിയത് അടുത്തിടെയാണ്.

യുഎസിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ട് നഗര കേന്ദ്രങ്ങളായ ന്യൂയോർക്ക് സിറ്റിയിലും ലോസ് ഏഞ്ചൽസിലും ഷോപ്പ് വഴിയുള്ള മോഷണം വർധിച്ചു വരുന്നതായും റിപ്പോർട്ടുകളുണ്ട്. കൗൺസിൽ ഓൺ ക്രിമിനൽ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം 2019 മുതൽ 2023 വരെ ഷോപ്പ് വഴിയുള്ള മോഷണം 60 ശതമാനത്തിലധികം ഉയർന്നുവെന്നാണ് കണക്ക്. ചീസ് പോലെയുള്ള കൂടുതൽ വിലപിടിപ്പുള്ള ഉൽപന്നങ്ങൾ ലക്ഷ്യമിട്ടുള്ള കടകളിലെ മോഷണങ്ങൾ രാജ്യവ്യാപകമായി വർധിച്ചുവരികയാണെന്നും കണക്കുകൾ വ്യക്തമാകുന്നു.


മറ്റ് കാരണങ്ങൾ

മനഃശാസ്ത്രപരമായി ഏറ്റവും കൊതിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് ചീസ്. 'ക്രേവ്ഡ്' (കൊതിയുണ്ടാക്കുന്ന) ഭക്ഷ്യവസ്തുവായാണ് ക്രിമിനോളജിസ്റ്റുകൾ ചീസിനെ വിശേഷിപ്പിക്കുന്നത്. മിക്ക ആളുകൾക്കും എല്ലാ ദിവസവും കഴിക്കാൻ കഴിയുന്ന ഒരു ഭക്ഷണസാധനമല്ല ചീസ്. ഒരു ആഡംബര വസ്തുവായാണ് പലപ്പോഴും ചീസ് കണക്കാക്കപ്പെടുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ വലിയ വില നൽകി ഇത്തരം പദാർത്ഥങ്ങൾ വാങ്ങാൻ ആളുകൾ തയ്യാറാണ് എന്നതും വസ്തുതയാണ്. അതുകൊണ്ടുതന്നെയാണ് ചീസ് വളരെ വിദഗ്ദ്ധമായി കൊള്ളയടിക്കുന്നതും, കരിഞ്ചന്തയിൽ കൊണ്ടുപോയി സാധാരണയേക്കാൾ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതും.

ALSO READ: ഉപ്പ് അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ഈ രോഗങ്ങൾ നിങ്ങൾക്കും വന്നേക്കാം

KERALA
ഭര്‍തൃസഹോദരന്റെ കുഞ്ഞിനെ കൊന്നു; ഗര്‍ഭിണിയാണെന്നറിയാതെ ജയിലിലടച്ചു
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?