
തമിഴ്നാട്ടിൽ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ വെള്ളിയാഴ്ച വരെയാണ് കനത്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചെന്നൈയിൽ ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ നാളെ നാലു ജില്ലകളിലെ സ്കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ആറ് സെൻ്റീമീറ്ററിനും, 20 സെൻ്റീമീറ്ററിനും ഇടയിൽ കനത്തതോ, അതിശക്തമായതോ ആയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഒക്ടോബര്‍ 15 മുതല്‍ 18 വരെ ഈ ജില്ലകളിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള ഉപദേശം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കടല്‍ക്ഷോഭവും ശക്തമായ കാറ്റും ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 17 വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിർദേശം.