ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം സിപിഎം- കോൺഗ്രസ് വിമതപക്ഷ മുന്നണിക്ക്; പ്രതിഷേധമറിയിച്ച് കോൺഗ്രസ് ഹർത്താൽ

അതേസമയം തെരഞ്ഞെടുപ്പിൽ സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം സിപിഎം- കോൺഗ്രസ് വിമതപക്ഷ മുന്നണിക്ക്; പ്രതിഷേധമറിയിച്ച് കോൺഗ്രസ് ഹർത്താൽ
Published on

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ വാഹനങ്ങളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.സിപിഎം- കോൺഗ്രസ് വിമതപക്ഷ മുന്നണിയായ സഹകരണ ജനാധിപത്യ മുന്നണിക്ക് ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം ലഭിച്ചതിനെത്തുടർന്നാണ് കോൺഗ്രസ് പ്രതിഷേധം.

സംഘർഷഭരിതമായ തെരഞ്ഞെടുപ്പിന് ഒടുവിൽ 11-ൽ മുഴുവൻ സീറ്റുകളും നേടിയാണ് സഹകരണ ജനാധിപത്യ മുന്നണി അധികാരത്തിലേറിയത്. ബാങ്ക് ചെയർമാനായി അഡ്വ. ജി സി പ്രശാന്ത്കുമാർ തന്നെ തുടരും. അതേസമയം തെരഞ്ഞെടുപ്പിൽ സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.


രാത്രി എട്ടുമണിക്കാണ് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ആകെയുള്ള 11 സീറ്റുകളിൽ 7 എണ്ണത്തിൽ കോൺഗ്രസ് വിമതരും 4 എണ്ണത്തിൽ സിപിഐഎം പ്രവർത്തകരും വിജയിച്ചു. മുഴുവൻ വിജയികളും മത്സരിച്ചത് സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിലായിരുന്നു. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ 8 മണി മുതൽ അവസാനിക്കുന്ന നാലുമണിവരെ സംഘർഷഭരിതമായിരുന്നു. സിപിഐഎം പിന്തുണയോടെ സഹകരണ ജനാധിപത്യമുന്നണി എന്ന പേരിൽ കോൺഗ്രസ് വിമതരും ഡിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഔദ്യോഗിക പക്ഷവും ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണവും തെരുവ് യുദ്ധവും അരങ്ങേറി.

തെരഞ്ഞെടുപ്പ് പൊലീസിൻ്റെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ സിപിഐഎം അട്ടിമറിച്ചെന്ന ആരോപണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. കോടതി അലക്ഷ്യത്തിന് ഉദ്യോഗസ്ഥർക്കെതിരെയും, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ വ്യക്തമാക്കി.

എന്നാൽ കള്ളവോട്ട് നടത്തിയത് കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ എം മെഹബൂബ് ആരോപിച്ചു. സിപിഐഎം പിന്തുണയുള്ള ജനാധിപത്യ സഹകരണ മുന്നണി വിജയിച്ചതോടെ നേരത്തെ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട അഡ്വ. ജി സി പ്രശാന്ത് കുമാർ തന്നെ ബാങ്കിൻ്റെ ചെയർമാനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ചേവായൂർ സർവീസ് സഹകരണ ബാങ്ക് പുതിയ ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com