
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് ചെലവ് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുവന്ന ചെലവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങളുടെ രീതി എങ്ങനെ വരുന്നുവെന്നത് പരിശോധിക്കപ്പെടേണ്ട ഘട്ടമാണിത്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട സർക്കാർ കണക്കുകൾ തെറ്റായി ചിത്രീകരിച്ചാണ് പ്രമുഖ മാധ്യമങ്ങൾ അടക്കം വാർത്തകൾ നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ വാചകവും പ്രത്യേകം ശ്രദ്ധിക്കണം. ആരും ഞെട്ടിപ്പോകുന്ന കണക്കുകളാണ് മാധ്യമങ്ങൾ നൽകിയതെന്ന് തലക്കെട്ടുകള്‍ എടുത്തുപറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഓണത്തിന്റെ സമയത്താണ് ഇത്തരത്തിലുള്ള വാർത്തകൾ നൽകിയത്. പത്രങ്ങൾ അന്ന് അവധിയായതിനാൽ അത് നൽകാൻ സാധിച്ചില്ലെന്നും, എന്നാൽ ചില മുഖ്യധാരാ പത്രങ്ങൾ പിന്നീട് ഇത് നൽകിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
കേന്ദ്രത്തിനു നൽകിയത് അവശ്വസനീയമായ കണക്കുകൾ എന്നാണ് പത്രങ്ങൾ നൽകിയത്. ഒറ്റദിവസം കൊണ്ട് ഇതുപോലുള്ള വാർത്തകൾ ലോകമാകെ സഞ്ചരിച്ചു. വയനാട് ദുരന്തത്തിന്റെ പേരിൽ സർക്കാർ കള്ളകണക്കുകൾ ഉണ്ടാക്കിയെന്ന് പ്രചരിപ്പിച്ചു. പ്രതിപക്ഷവും അതേറ്റുപിടിച്ചു. അസത്യം പറക്കുമ്പോൾ സത്യം അതിന്റെ പിന്നാലെ മുടന്തുന്ന കാഴ്ചയാണ് ഇവിടെ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ സർക്കാർ ഇറക്കിയ യഥാർത്ഥ കണക്കുകളുടെ പ്രസ്‍താവന ആളുകളിൽ എത്താൻ വൈകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയരും ഇവിടുത്തെ സർക്കാരും ലോകത്തിനു മുന്നിൽ ഇതോടെ അപഹാസ്യരായി. വ്യാജ വാർത്തകളുടെ യഥാർത്ഥ പ്രശ്‌നം നുണകളല്ല, അതിന്റെ അജണ്ടയാണെന്നും, അത് നാടിനും, ഇവിടെയുള്ള ജനങ്ങൾക്കും എതിരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.