പൂരം കലക്കലില്‍ തുടരന്വേഷണം? റിപ്പോർട്ട് ലഭിച്ചു, നടപടി ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് അറിഞ്ഞ ശേഷമെന്ന് മുഖ്യമന്ത്രി

തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട്‌ ഈ മാസം 23ന് എഡിജിപി എം.ആർ. അജിത് കുമാർ സർക്കാരിന് സമർപ്പിച്ചിരുന്നു
പൂരം കലക്കലില്‍ തുടരന്വേഷണം? റിപ്പോർട്ട് ലഭിച്ചു, നടപടി ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് അറിഞ്ഞ ശേഷമെന്ന് മുഖ്യമന്ത്രി
Published on

തൃശൂർ പൂരം കലക്കല്‍ വിവാദത്തില്‍ തുടരന്വേഷണത്തിന് സാധ്യതയുണ്ടെന്ന സൂചന നൽകി മുഖ്യമന്ത്രി. എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ ശുപാർശയോടെ ലഭിച്ചു എന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തെ അറിയിച്ചു. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടർ നടപടി.

തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട്‌ ഈ മാസം 23ന് എഡിജിപി എം.ആർ. അജിത് കുമാർ സർക്കാരിന് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് സെപ്റ്റംബർ 24നകം സമർപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അന്ത്യശാസനം. പൂരം നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അതേസമയം സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിനെതിരായ നടപടിയെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. പൂരം അവസാനിച്ചയുടൻ തന്നെ അങ്കിതിനെ കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു എന്നാണ് പരാമർശം. നടപടി ഒന്നര മാസം വൈകിയത് തെരഞ്ഞെടുപ്പായതിനാലെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: പൂരം കലക്കൽ അന്വേഷിച്ചത് യഥാർഥ പ്രതി തന്നെ; ധാർമികതയുണ്ടെങ്കിൽ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം: രമേശ് ചെന്നിത്തല

പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ല. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലായെന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. പരിചയക്കുറവാണ് വീഴ്ചയായതെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം.

Also Read: എഡിജിപി- ആർഎസ്എസ് ഗൂഢാലോചന നിഗൂഢം; കൂടിക്കാഴ്ച നടന്നത് 'സന്ദേശം' കൈമാറാനെന്ന് കെ.സി. വേണുഗോപാല്‍

അതേസമയം, ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ. അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു . ഡിജിപിക്കാണ് അന്വേഷണ ചുമതല. കൂടിക്കാഴ്ച എന്തിന്, ആരുടെ നിർദേശ പ്രകാരം നടത്തി എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഡിജിപി റിപ്പോർട്ട് സമർപ്പിക്കും.
ആർഎസ്എസ് നേതാവ് റാം മാധവുമായി കോവളത്തുവച്ചു നടത്തിയ കൂടിക്കാഴ്ചയും, ദത്താത്രേ ഹൊസബല്ലെയുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് അന്വേഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com