fbwpx
ദേശീയപാതാ നിർമാണത്തിൻ്റെ പൂർണ നിയന്ത്രണം കേന്ദ്രത്തിന്, സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നല്‍കി: മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 22 May, 2025 09:21 PM

ദേശീയപാതാ നിർമാണത്തില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സർക്കാരിനോ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

KERALA

പിണറായി വിജയൻ


ദേശീയപാതാ നിർമാണത്തിന്‍റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തം ഭൂമി ഏറ്റെടുത്ത് നല്‍കുക മാത്രമാണ്. ദേശീയ പാതാ നിർമാണത്തിലെ പിഴവുകളുടെ പേരിൽ തുടർപ്രവർത്തനങ്ങള്‍ തടസപ്പെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്‍ഡിഎഫ് കൊല്ലം ജില്ലാ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ദേശീയപാതാ നിർമാണത്തില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സർക്കാരിനോ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ചിലർ രംഗത്ത് വന്നിട്ടുണ്ട്. കുറ്റപ്പെടുത്താൻ ചിലർക്ക് കിട്ടിയ അവസരം അവർ ഉപയോഗിക്കുന്നു. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടുണ്ടെന്ന വാർത്തകളാണ് വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: കൂരിയാട് ദേശീയപാതയിലെ വിള്ളൽ: കടുത്ത നടപടിയുമായി കേന്ദ്രം; കരാർ കമ്പനിയെ ഡീബാർ ചെയ്തു



ദേശീയപാതാ 66ലെ വിവിധ ഭാഗങ്ങളിൽ റോഡ് തകരുകയും മണ്ണിടിയുകയും ചെയ്ത സംഭവത്തിൽ കടുത്ത നടപടിയുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസർക്കാർ. കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്തു. പദ്ധതിയുടെ കൺസൾട്ടൻ്റായ എച്ച്ഇസി കമ്പനിക്കും വിലക്കുണ്ട്. ദേശീയപാ​ത അതോറിറ്റിയുടെ രണ്ടം​ഗ സംഘം നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർ കരാറുകളിൽ പങ്കെടുക്കാൻ കമ്പനിക്ക് കഴിയില്ല. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകി. കേന്ദ്ര ഉപരിതല ​ഗതാ​ഗത മന്ത്രാലയത്തിൻ്റേതാണ് നടപടി.


Also Read: ദേശീയപാതാ നിർമാണത്തിലെ അപാകത; അന്വേഷണത്തിനായി മൂന്നംഗസംഘത്തെ നിയോഗിച്ച് കേന്ദ്രം


ദേശീയപാതാ നിർമാണത്തിലെ അപാകത അന്വേഷിക്കാൻ ഡൽഹി ഐഐടി പ്രൊഫസർ കെ.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയും കേന്ദ്രം നിയോ​ഗിച്ചിട്ടുണ്ട്. സംഘത്തിൻ്റെ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും സംഘം പരിശോധിക്കും. കാസർഗോഡ് മുതലുള്ള നിർമാണപ്രവർത്തനത്തിൻ്റെ കാര്യക്ഷമതയും കമ്മിറ്റി വിലയിരുത്തും. അന്വേഷണ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും അറിയിച്ചിട്ടുണ്ട്.


മലപ്പുറം, കോഴിക്കോട് ജില്ലകളിലായി തുടർച്ചയായി രണ്ട് റോഡ് തകർച്ചകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കേരളത്തിലെ ദേശീയപാത 66 (എൻ‌എച്ച്-66) ന്റെ നിർമാണ പ്രവർത്തനങ്ങളിലെ അപാകത അന്വേഷിക്കാൻ കേന്ദ്രം സംഘത്തെ നിയോഗിച്ചത്.

Also Read
user
Share This

Popular

IPL 2025
FOOTBALL
IPL 2025 | മാർഷിന്‍റെ പവറില്‍ ലഖ്നൗവിന് വിജയം; റണ്‍മല താണ്ടാനാകാതെ ഗുജറാത്ത്