India-Pak Ceasefire | "ജനങ്ങളും നാടും ആഗ്രഹിക്കുന്നത് സമാധാനം"; വെടിനിർത്തൽ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

വെടിനിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ ഗവൺമെൻ്റിൻ്റെ വാർഷിക പരിപാടികൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടത്താനും മുഖ്യമന്ത്രി നിർദേശം നൽകി
India-Pak Ceasefire | "ജനങ്ങളും നാടും ആഗ്രഹിക്കുന്നത് സമാധാനം"; വെടിനിർത്തൽ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
Published on

ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. വെടിനിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ ഗവൺമെൻ്റിൻ്റെ വാർഷിക പരിപാടികൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടത്താനും മുഖ്യമന്ത്രി നിർദേശം നൽകി.

അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുമുണ്ടായ തീരുമാനം വിവേകപൂർണമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടരണം. ഇതിനൊപ്പം തന്നെ സമാധാനത്തിനും നാടിൻ്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുക എന്നതാണ് പ്രധാനമെന്നും പിണറായി വിജയൻ പറഞ്ഞു.

അതിർത്തിയിലെ സംഭവ വികാസങ്ങൾ മൂലം സംസ്ഥാന ഗവൺമെന്റിന്റെ നാലാം വാർഷിക പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ ഗവൺമെൻ്റിൻ്റെ വാർഷിക പരിപാടികൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടത്താനും മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലാതല -സംസ്ഥാനതല യോഗങ്ങളും എൻ്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും മെയ് 13 മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയ്യതി പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാരും പാകിസ്ഥാനും അറിയിച്ചു. സൗദി അറേബ്യയും യുഎസും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപനം. അതേസമയം ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തലെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം ഇന്ത്യ തള്ളി. ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നല്ല തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.


"പാകിസ്ഥാൻ സൈന്യത്തിന്റെ ഓപ്പറേഷൻ ഡിജിഎംഒയും ഇന്ത്യൻ സൈനിക ഓപ്പറേഷന്റെ ഡിജിഎംഒയും തമ്മിൽ വൈകീട്ട് 3:35ന് ചർച്ച നടത്തിയിരുന്നു. പാക് ഡിജിഎംഒ ഇന്ത്യൻ സൈനിക ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ഈ ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. പാക് വ്യോമ താവളങ്ങൾ ആക്രമിച്ച് എട്ട് മണിക്കൂറിന് ശേഷമാണ് വെടിനിർത്തൽ ചർച്ച ആരംഭിച്ചത്. മെയ് 12ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഇന്ത്യ-പാക് ചർച്ച നടക്കും," വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com