ഇന്ത്യക്കാരായ ആളുകൾ കൊല്ലപ്പെട്ടപ്പോൾ ആർക്കും പ്രശ്നം ഉണ്ടായിരുന്നില്ലെന്നും ഗവർണർ
1947 ൽ ഇന്ത്യക്ക് പലതും നഷ്ട്ടമായെന്നും, ഐക്യം നഷ്ടമായപ്പോഴാണ് നമ്മുടെ മണ്ണ് നഷ്ടമായതെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിഷ്കളങ്കരാണ് കൊല്ലപ്പെട്ടതെന്ന ചിലരുടെ വാദങ്ങളെ ഗവർണർ വിമർശിച്ചു. വിശ്വസംസ്കൃത പ്രതിഷ്ഠാനം കോഴിക്കോട് വച്ച് സംഘടിപ്പിച്ച സംസ്കൃത സംഗമത്തിലാണ് അർലേക്കറുടെ പരാമർശം.
"എന്തിനാണ് യുദ്ധം എന്നാണ് ചിലർ ചോദിക്കുന്നത്. നിഷ്കളങ്കരായ ചിലർ കൊല്ലപ്പെടുന്നു എന്നാണ് ഇവരുടെ വാദം. ഇവിടെ ഇന്ത്യക്കാരായ ആളുകൾ കൊല്ലപ്പെട്ടപ്പോൾ ആർക്കും പ്രശ്നം ഉണ്ടായിരുന്നില്ല. അപ്പുറത്ത് ആളുകൾ കൊല്ലപ്പെട്ടപ്പോൾ അവർ നിഷ്കളങ്കർ എന്നാണ് ചിലർ പറയുന്നത്. എന്തൊരു മനസ്ഥിതിയാണ് ഇത്. ഈ മനസ്ഥിതിക്ക് മാറ്റം വരണം" ഗവർണർ പറഞ്ഞു.
ALSO READ: ഇന്ത്യ-പാക് സംഘർഷം: വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് ഇന്ത്യ
അതേസമയം, ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിലെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാരും പാകിസ്ഥാനും അറിയിച്ചു.
"പാകിസ്ഥാൻ സൈന്യത്തിന്റെ ഓപ്പറേഷൻ ഡിജിഎംഒയും ഇന്ത്യൻ സൈനിക ഓപ്പറേഷന്റെ ഡിജിഎംഒയും തമ്മിൽ വൈകീട്ട് 3:35ന് ചർച്ച നടത്തിയിരുന്നു. പാക് ഡിജിഎംഒ ഇന്ത്യൻ സൈനിക ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ഈ ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. പാക് വ്യോമ താവളങ്ങൾ ആക്രമിച്ച് എട്ട് മണിക്കൂറിന് ശേഷമാണ് വെടിനിർത്തൽ ചർച്ച ആരംഭിച്ചത്. മെയ് 12ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഇന്ത്യ-പാക് ചർച്ച നടക്കും," വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.