‘ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങും ചെയ്യില്ല, ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമല്ല ’; എൻ പ്രശാന്ത് IASന് രേഖാമൂലം മറുപടി നൽകി ചീഫ് സെക്രട്ടറി

പ്രശാന്തിന്റെ പരാതികള്‍ കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി വിളിച്ച ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നേരത്തെ നിരസിച്ചിരുന്നു.
‘ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങും ചെയ്യില്ല, ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമല്ല ’; എൻ പ്രശാന്ത് IASന് രേഖാമൂലം മറുപടി നൽകി ചീഫ് സെക്രട്ടറി
Published on

ചീഫ് സെക്രട്ടറിയുമായുള്ള ഹിയറങ് റെക്കോർഡ് ചെയ്യണമെന്ന് എൻ പ്രശാന്ത് ഐഎഎസിൻ്റെ ആവശ്യം തള്ളി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങ്ങും ഉണ്ടാകില്ലെന്നും കാര്യങ്ങൾ നേരിട്ട് കേട്ട് വിലയിരുത്തൽ മാത്രമാണ് ഹിയറിങ്ങിൽ നടക്കുകയെന്നും മറുപടിയിൽ പറയുന്നു. 16ന് ഹിയറിങ്ങിന് ഹാജരാകണം. ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നും ചീഫ് സെക്രട്ടറി രേഖ മൂലം അറിയിച്ചു. 


കഴിഞ്ഞ ദിവസമാണ് സസ്പെൻഷനിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുന്നത്. പിന്നാലെ ഹിയറിങ്ങ് റെക്കോർഡ് ചെയ്യണമെന്ന ആവശ്യവുമായി എൻ. പ്രശാന്ത് രംഗത്തെത്തി.  പ്രശാന്തിന്റെ പരാതികള്‍ കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി വിളിച്ച ഹിയറിങ് ലൈവ് സ്ട്രീമിങ് ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നേരത്തെ നിരസിച്ചിരുന്നു. ഹിയറിങ്ങിന്റെ ഓഡിയോയും വീഡിയോയും റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുജന മധ്യത്തില്‍ കാണിക്കണമെന്നുമായിരുന്നു എന്‍ പ്രശാന്തിന്റെ ആവശ്യം. പൊതുതാത്പര്യം പരിഗണിച്ചാണ് ആവശ്യമുന്നയിച്ചതെന്നാണ് പ്രശാന്തിന്റെ വാദം.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്പെൻഡ് ചെയ്യുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു സസ്പെൻഷൻ. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഐഎഎസ് മറുപടി നല്‍കാഞ്ഞതോടെ സസ്പെൻഷൻ വീണ്ടും നീട്ടി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും, ചട്ടലംഘനമില്ലെന്നുമായിരുന്നു എന്‍. പ്രശാന്തിന്റെ വാദം. ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തതെന്നും, വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. ചീഫ് സെക്രട്ടറി നേരിട്ടാകും പ്രശാന്ത് ഐഎഎസിൻ്റെ ഹിയറിങ് നടത്തുക.

കെ. ഗോപാലകൃഷ്ണനേയും അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനേയും ഉന്നമിട്ടാണ് എന്‍. പ്രശാന്ത് ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചത്. ജയതിലകിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. ജയതിലകിനെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യും. വിവരാവകാശ പ്രകാരം പൊതുജനത്തിന് അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമായിരിക്കും ഇപ്പോള്‍ വെളിപ്പെടുത്തുക. സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വാഹമില്ലെന്നും പ്രശാന്ത് പറയുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com