ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ നിരവധി പാകിസ്ഥാൻ അനുകൂല അക്കൗണ്ടുകൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു
ഇന്ത്യക്കെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് ചൈനീസ് മാധ്യമത്തിൻ്റെ എക്‌സ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഗ്ലോബൽ ടൈംസിൻ്റെ എക്‌സ് അക്കൗണ്ടിനാണ് വിലക്കേർപ്പെടുത്തിയത്. പാകിസ്ഥാൻ സൈന്യം ഒരു ഇന്ത്യൻ യുദ്ധവിമാനം വെടിവച്ചിട്ടതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ ചൈനീസ് മാധ്യമത്തെ ഇന്ത്യ ശാസിക്കുകയും, റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് കൃത്യമായി പരിശോധിക്കണമെന്നുള്ള മുന്നറിയിപ്പും നൽകിയിരുന്നു.
"പ്രിയപ്പെട്ട ഗ്ലോബൽ ടൈംസ് ന്യൂസ്, ഇത്തരം തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാനും ഉറവിടങ്ങൾ പരിശോധിക്കാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു,"കുറച്ച് ദിവസങ്ങൾക്ക് മുന്നേ എംബസി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു. ഇതിനെത്തുടർന്നാണ് മാധ്യമത്തിൻ്റെ എക്‌സ് അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ അറിയിപ്പ് പുറത്തിറക്കിയത്. തുർക്കി സംപ്രേഷണ കമ്പനിയായ ടിആർടി വേൾഡിൻ്റെ എക്സ് അക്കൗണ്ടിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ നിരവധി പാകിസ്ഥാൻ അനുകൂല അക്കൗണ്ടുകൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സ്രോതസുകൾ പരിശോധിക്കാതെ അത്തരം വിവരങ്ങൾ പങ്കിടുമ്പോൾ, അത് പത്രപ്രവർത്തനരംഗത്തെ ഉത്തരവാദിത്തത്തിലുള്ള ഗുരുതരമായ വീഴ്ചയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും എംബസി അറിയിച്ചു.