പെൺകുട്ടിയുടെ ആൺസുഹൃത്തായ അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്
ചോറ്റാനിക്കര ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 120ഓളം പേജുള്ള കുറ്റപത്രമാണ് ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ സമർപ്പിച്ചത്. ജനുവരി 26നാണ് പോക്സോ അതിജീവിതയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ ആൺസുഹൃത്തായ അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. നൂറോളം സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയെ മർദ്ദിക്കാൻ ഉപയോഗിച്ച ചുറ്റിക, ബെൽറ്റ്, ഷാൾ എന്നിവ തെളിവുകളായി ലഭിച്ചിരുന്നു. സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. മറ്റൊരാളുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടെന്ന സംശയത്തിലായിരുന്നു മർദ്ദനം.
ALSO READ: വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമാണ പ്രവർത്തനം രണ്ടാംഘട്ടത്തിലേക്ക്; 2028 ഡിസംബറിൽ പൂർത്തിയായേക്കും
അതേസമയം, പ്രതിക്ക് പെൺകുട്ടിയെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനാലാണ് പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയിരിക്കുന്നത്. കഴുത്തിലിട്ട കുരുക്ക് കാരണമാണ് മസ്തിഷ്‌ക മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോള്‍ ഷാള്‍ കത്തി ഉപയോഗിച്ച് മുറിച്ചത് കൊല്ലാൻ ഉദ്ദേശമില്ലാത്തതിനാലാണെന്നും പൊലീസ് വിശദീകരിച്ചിരുന്നു.
ആറ് ദിവസം അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ പെൺകുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. ആൺ സുഹൃത്തുക്കളുമായുള്ള സൗഹൃദം ചോദ്യം ചെയ്ത് പ്രതി അനൂപ് ചുറ്റിക കൊണ്ടടക്കം മർദിച്ചതിൽ മനംനൊന്താണ് പെൺകുട്ടി ഷാൾ കഴുത്തിൽ കുരുക്കി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതോടെ ഇയാൾ ഷാൾ അറുത്ത് പെൺകുട്ടിയെ നിലത്തിടുകയായിരുന്നു.
ALSO READ: ലിസ്റ്റിൻ സ്റ്റീഫൻ്റെ വിവാദ പരാമർശം: പരാതി ലഭിച്ചാൽ മാത്രം നടപടിയെന്ന് സിനിമ സംഘടനകൾ
പെൺകുട്ടി ഒച്ചവയ്ക്കാൻ ശ്രമിച്ചതോടേ വായയും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചു. ഇതോടെ പെൺകുട്ടിയുടെ ബോധം നഷ്ടമായി. മരിച്ചെന്ന് കരുതി പുലർച്ചയോടെ ഇയാള്‍ കൂട്ടുകാർക്കൊപ്പം ബൈക്കിൽ കടന്നുകളഞ്ഞു. പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും വാങ്ങിയിട്ടുണ്ടെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ താൻ ലഹരിക്ക് അടിമയാക്കിയെന്നും പ്രതി അനൂപ് അന്വേഷണ സംഘത്തിന് മുമ്പാകെ സമ്മതിച്ചിരുന്നു. അനൂപ് മുൻപ് ലഹരിക്കേസടക്കം മൂന്ന് കേസുകളിൽ പ്രതിയാണ്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് തലയോലപ്പറമ്പ് സ്വദേശി അനൂപുമായി പെൺകുട്ടി സൗഹൃദത്തിലാവുന്നത്. മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.