നാല് ഘട്ടങ്ങളിലായാണ് നിർമാണം ഉദ്ദേശിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം പൂർത്തിയായതോടെ അടുത്ത മൂന്ന് ഘട്ട വികസനം ഒരുമിച്ച് സാധ്യമാക്കാനാണ് അദാനി പോർട്ട് ഉദ്ദേശിക്കുന്നത്
രാജ്യത്തെ അമ്പരിപ്പിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനം രണ്ടാംഘട്ടത്തിലേക്ക്. 9560 കോടിയാണ് നിർമാണചെലവ് പ്രതീക്ഷിക്കുന്നത്. 2028 ൽ നിമാണം പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ അടുത്തഘട്ട വികസനമാണ് ഏവരും ഉറ്റു നോക്കുന്നത്.
"വർഷങ്ങളായി ഗുജറാത്തിൽ പ്രവർത്തിച്ചിട്ടും ഇത്ര വലിയ തുറമുഖം അദാനി അവിടെ ചെയ്തില്ല, ഇതിൽ ഗുജറാത്തിലെ ജനങ്ങൾക്ക് അദാനിയോട് ദേഷ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്", തുറമുഖം സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഈ വാക്കുകളിൽ ഉണ്ട് വിഴിഞ്ഞത്തിന്‍റെ പ്രൗഢി. എന്നാൽ ഇതുവരെക്കണ്ടതല്ല അതുക്കും മേലെയാണ് വിഴിഞ്ഞത്തെ അടുത്തഘട്ട നിർമ്മാണ പ്രവർത്തികൾ. നാല് ഘട്ടങ്ങളിലായാണ് നിർമാണം ഉദ്ദേശിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം പൂർത്തിയായതോടെ അടുത്ത മൂന്ന് ഘട്ട വികസനം ഒരുമിച്ച് സാധ്യമാക്കാനാണ് അദാനി പോർട്ട് ഉദ്ദേശിക്കുന്നത്. 2028 ഡിസംബറിൽ പൂർത്തിയാകും വിധമാണ് പ്രവർത്തനം.
ഒന്നാംഘട്ടം പൂർത്തിയായപ്പോൾ 5.93 ലക്ഷം കണ്ടെയ്നാറാണ് കൈകാര്യം ചെയ്തത്. നിർമാണ ഘട്ടം പൂർത്തിയാകുന്നതോടുകൂടി തുറമുഖത്തിന്‍റെ മിനിമം സ്ഥാപിതശേഷി പ്രതിവർഷം 35 ലക്ഷം ടിഇയു ആയി വർധിക്കും. ബർത്തിന്‍റെ നീളം 2000 മീറ്ററാകുമ്പോൾ പുലിമുട്ടിന്‍റെ നീളം 4000ത്തോട് അടുക്കും. കണ്ടെയ്നർ സംഭരണ യാർഡിന്‍റെ വിപുലീകരണം, 1220 മീറ്റർ നീളമുള്ള മൾട്ടി പർപ്പസ് ബർത്തുകൾ, ബ്രേക്ക് വാട്ടറിനോട് അനുബന്ധിച്ച് 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ, ലിക്വിഡ് കാർഗോ സംഭരണ സൗകര്യം എന്നിവ കൂട്ടിചേർക്കും. ഇതിന്‍റെ വികസനത്തിനായി 77.17 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരുന്നത്. ഡ്രഡ്ജിങ്ങിലൂടെ കടൽ നികത്തിയാകും ഇത് കണ്ടെത്തുക.
ALSO READ: ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തര്‍ക്കം; കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം
വെല്ലുവിളികളെ അതിജീവിച്ചാണ് കര മാർഗമുള്ള ചരക്ക് നീക്കത്തിലേക്ക് തുറമുഖം കടക്കുന്നത്. ഈ വർഷം അവസാനം റോഡ് മുഖേനയുള്ള ചരക്ക് നീക്കം ഭാഗികമായി ആരംഭിക്കും. ഇതിനായി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ നീളമുള്ള അപ്രോച്ച് റോഡിന്‍റെ നിർമാണം പുരോഗമിക്കുന്നു. 600 മീറ്റർ റോഡിന്‍റെ നിർമാണം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും തുറമുഖത്തേക്കുള്ള ഭൂഗർഭ റെയിൽ പാതയുടെ നിർമാണം ആരംഭിക്കേണ്ടതുണ്ട്. 10.7 കിലോമീറ്റർ ആണ് ഈ റെയിൽപാതയുടെ നീളം. 9.02 കിലോമീറ്റർ ദൂരവും ടണലിലൂടെയാകും കടന്നുപോകുക. പദ്ധതി റെയിൽവേ അംഗീകാരം നൽകിയിട്ടുണ്ട്. കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. ഇതിനു പുറമെ അനുബന്ധ വികസന പ്രവർത്തനങ്ങളും തൊഴിൽ സാധ്യതയും ഉണ്ട്. എല്ലാം കൂടിയാകുമ്പോൾ വിഴിഞ്ഞം വേറെ ലെവൽ ആകും.