മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധസമിതിയുടെ പരിശോധന ഇന്നും തുടരും. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി സംഘമാണ് പരിശോധന നടത്തുന്നത്. ഈ മാസം 31 വരെ തുടരുന്ന പരിശോധനകൾക്ക് ശേഷമാകും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുക. കേന്ദ്ര സംഘത്തിനൊപ്പം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്.
അതേസമയം മുണ്ടക്കൈ എൽ പി സ്കൂൾ, വെള്ളാർമല വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവ സെപ്റ്റംബർ 2 ന് തുറക്കും. വെള്ളാർമല സ്കൂളിലെ കുട്ടികളെ മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലേക്കും, മുണ്ടക്കൈ ഗവൺമെൻ്റ് എൽ പി സ്കൂളിലെ കുട്ടികളെ മേപ്പാടി എപിജെ ഹാളിലേക്കുമാണ് മാറ്റുക. ദുരിതബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നതോടെ പുതിയ സ്കൂൾ കെട്ടിടത്തിലേക്ക് മുഴുവൻ വിദ്യാർഥികളെയും മാറ്റും. പുതിയ സ്കൂളിന് വെള്ളാർമല എന്ന് തന്നെയാകും പേര് നൽകുക.
ALSO READ: അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ കേരളം; ഗവേഷണം ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ്
നിയമസഭ പരിസ്ഥിതി സമിതി ഓഗസ്റ്റ് 30 നും, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഓഗസ്റ്റ് 30, 31 തീയതികളിലും ദുരന്തബാധിത മേഖലകൾ സന്ദർശിക്കും. മേപ്പാടി ഗവണ്മെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ഇന്നലെ പ്രവർത്തനം ആരംഭിച്ചിരുന്നു.