വീടിനു സമീപമുള്ള മരത്തിനു ചുവട്ടില്‍ വിശ്രമിക്കുന്നതിനിടയിലായിരുന്നു ദാരുണമായ സംഭവം
ഉത്തര്‍പ്രദേശില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ അനാസ്ഥയില്‍ നഷ്ടമായത് ഒരു ജീവന്‍. റോഡിന് സമീപത്തെ മരത്തിന് കീഴില്‍ വിശ്രമിക്കുകയായിരുന്ന ആളുടെ മുകളിലേക്ക് ബറേലി മുന്‍സിപ്പല്‍ ജീവനക്കാര്‍ അശ്രദ്ധമായി ചെളിയും മണ്ണും നിറഞ്ഞ അവശിഷ്ടങ്ങള്‍ കൊണ്ടിടുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ പച്ചക്കറി കച്ചവടക്കാരനായ സുനില്‍ കുമാര്‍ (45) ആണ് മണ്ണിനടിയില്‍ പെട്ട് മരണപ്പെട്ടത്. വീടിനു സമീപമുള്ള മരത്തിനു ചുവട്ടില്‍ വിശ്രമിക്കുന്നതിനിടയിലായിരുന്നു ദാരുണമായ സംഭവം. മണ്ണിനടയില്‍ നിന്ന് കുടുംബമാണ് സുനില്‍ കുമാറിനെ പുറത്തെടുത്തത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു.
Alsao Read: കൂട്ടബലാത്സംഗക്കേസിൽ ജാമ്യം; പിന്നാലെ പാട്ടും, ആരവവും, വിജയാഘോഷ പ്രകടനവുമായി പ്രതികൾ
നേരത്തേ ഈ സ്ഥലത്ത് മാലിന്യമോ മണലോ നിക്ഷേപിക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍, റോഡിന് സമീപത്ത് എന്തിന് വിശ്രമിച്ചു എന്ന വിചിത്ര വാദം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചതായും കുടുംബം പറയുന്നു.
അതേസമയം, തൊഴിലാളികള്‍ സിവില്‍ ബോഡിയുടെ ഭാഗമല്ലെന്നും കരാര്‍ സ്ഥാപനത്തിലെ ജീവനക്കാരാണെന്നുമാണ് മുന്‍സിപ്പല്‍ കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ മൗര്യയുടെ പ്രതികരണം. മാലിന്യം റോഡിന് സമീപം നിക്ഷേപിച്ച് ജലം വറ്റിയതിനു ശേഷം അവിടെ മാറ്റുന്നതാണ് തൊഴിലാളികളുടെ രീതിയെന്നും മുന്‍സിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.