fbwpx
BIG IMPACT | വയനാട്ടിലെ അരി വിവാദം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Nov, 2024 10:41 PM

നേരത്തെ വിഷയത്തിൽ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു

KERALA



വയനാട് ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്‌ത സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ, ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് സർക്കാർ നടപടി.

മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. ന്യൂസ് മലയാളം വാർത്തയിലൂടെയായിരുന്നു പുഴുവരിച്ച അരി വിതരണത്തിൻ്റെ വിഷയം പുറം ലോകമറിഞ്ഞത്. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നേരത്തെ വിഷയത്തിൽ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവിച്ചത് ഗുരുതരമായ വീഴ്‌ചയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: IMPACT | പുഴുവരിച്ച അരിക്ക് പകരം ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതർക്ക് പുതിയ അരി നൽകിത്തുടങ്ങി

കഴിഞ്ഞ ദിവസം യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ കിറ്റിലാണ് പുഴുവരിച്ചതും ദുർഗന്ധം വമിക്കുന്നതുമായ അരി വിതരണം ചെയ്തത്. ഇത്തരത്തിൽ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത മേപ്പാടി പഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തൊഴിൽ പോലും ഇല്ലാത്ത സാഹചര്യത്തിൽ നിത്യവൃത്തിക്ക് വഴിയില്ലാതെ കഴിയുന്ന വയനാട് ദുരന്തബാധിതർക്ക് ഏക ആശ്രയമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകൾ.

റവന്യൂ വകുപ്പിൻ്റെ ഭക്ഷ്യ കിറ്റ് വിതരണം ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. കിറ്റുകൾ ലഭിക്കാത്ത പലർക്കും ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തതിലാണ് പുഴുവരിച്ച അരിയും മൈദപ്പൊടിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കിട്ടിയതെന്ന പരാതി ഉയർന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത ഇവ വളർത്തുമൃഗങ്ങൾ പോലും കഴിക്കില്ലെന്നാണ് കുടുംബങ്ങളുടെ പ്രതികരണം. ദുരന്താനന്തരം എല്ലാം നഷ്ടപ്പെട്ട് വാടക വീടുകളിൽ കഴിയുന്നവർക്ക് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

ALSO READ: BIG IMPACT | പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഭക്ഷ്യവിതരണ വകുപ്പ്


ഇത്രയും വലിയ ദുരന്തം നടന്നിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിച്ചില്ലെന്ന കാര്യവും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിൻ്റെ തീവ്രത കണ്ടു മനസിലാക്കിയെങ്കിലും, ഇതുവരെ സഹായത്തിൻ്റെ കാര്യത്തിൽ ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൻ്റെ ഓരോ ഘട്ടവും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ജനതയ്ക്ക് മേൽ ഉണ്ടാകുന്ന ഇത്തരം സമീപനങ്ങൾ ഒരിക്കലും അംഗീകരിച്ചു പോകാൻ പറ്റാത്തതാണ്. ഭക്ഷ്യവസ്‌തുക്കളുടെ കാര്യത്തിലായാലും ഉണ്ടാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ ഉണ്ടാകുന്നത്.


NATIONAL
"പാക് നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയം"; വെടിനിർത്തൽ ലംഘിച്ചുള്ള അക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് ഇന്ത്യ
Also Read
user
Share This

Popular

WORLD
NATIONAL
WORLD
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ