മുഖ്യമന്ത്രിയുടെ ദ ഹിന്ദു പത്രത്തിലെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയും ഗവര്‍ണര്‍ വിളിപ്പിച്ച നടപടി ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഉന്നയിച്ച വിഷയങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ടാണ് മറുപടി. ഫോൺ ചോർത്തൽ ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തി വരികയാണ്. പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അടക്കം സർക്കാർ പരിശോധിക്കുന്നുണ്ട്. അൻവറിനെതിരായ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്. നിയമവിരുദ്ധമായ ഒരു പ്രവർത്തനവും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് മറുപടിയിൽ വ്യക്തമാക്കുന്നു. നിയമത്തിന്റെ കൈയില്‍ നിന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആരും രക്ഷപ്പെടില്ലെന്നും സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദ ഹിന്ദു പത്രത്തിലെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയും ഗവര്‍ണര്‍ വിളിപ്പിച്ച നടപടി ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. ഇതോടെ സർക്കാരും ഗവർണറും നേർക്കുനേർ കൊമ്പ് കോർക്കാനുള്ള സാഹചര്യമാണ് വീണ്ടും ഒരുങ്ങുന്നത്.
പിന്നാലെ സര്‍ക്കാരിന് മറുപടിയുമായി രാജ്ഭവന്‍ കത്ത് ഇറക്കി. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ഭരണഘടന ബാധ്യത പ്രകാരമെന്ന് ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രി എന്തോ കാര്യം ഒളിക്കുന്നെന്നും ഗവർണറുടെ കത്തില്‍ വിമർശനമുണ്ട്. കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കും. മുഖ്യമന്ത്രി പറഞ്ഞ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് തനിക്കറിയണം. സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ല. വിഷയം രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് താൻ വിശദീകരണം ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.