
വയനാട് ചൂരൽമല ദുരന്തത്തില്‍ മുഴുവൻ കുടുംബാംഗങ്ങളേയും നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആറ് കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട എട്ട് കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായം നല്‍കാനും തീരുമാനമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുനരധിവാസത്തിനായി രണ്ട് സ്ഥലങ്ങൾ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ ടൗൺഷിപ്പ് നിർമ്മിക്കുമെന്ന് പിണറായി വിജയന്‍ അറിയിച്ചു.
ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെയാകും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കുക. രണ്ടാംഘട്ടത്തിൽ വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവരെയും പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: "തൃശൂർ പൂരം കലക്കലില്‍ ത്രിതല അന്വേഷണം"; എഡിജിപിയുടെ വീഴ്ച പൊലീസ് മേധാവി അന്വേഷിക്കും: മുഖ്യമന്ത്രി
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ സംസ്ഥാനത്തിന് വലിയ നഷ്ടം സംഭവിച്ചു. കേന്ദ്രസർക്കാരിന്‍റെ സഹായം പ്രതീക്ഷിച്ചെങ്കിലും ഇതുവരെ അത് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ലഭിച്ച തുക സാധാരണ നടപടി ക്രമത്തിന്‍റെ ഭാഗമാണ്. പ്രത്യേക സഹായമല്ല ലഭിച്ചത്. അർഹമായ സഹായം വേഗത്തിൽ ലഭ്യമാക്കാൻ ഒരിക്കൽ കൂടി ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്തതായും പിണറായി വിജയന്‍ പറഞ്ഞു.