'എൽഡിഎഫിനെ തറപറ്റിക്കണം എന്ന ഉദ്ദേശ്യത്തോടെ എന്തും ആയുധമാക്കുന്നു'; സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

നേമത്തെ കോൺഗ്രസ് വോട്ട് ബിജെപിക്ക് പോയിയെന്നും മുഖ്യമന്ത്രി പറഞ്ഞു
'എൽഡിഎഫിനെ തറപറ്റിക്കണം എന്ന ഉദ്ദേശ്യത്തോടെ എന്തും ആയുധമാക്കുന്നു'; സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
Published on

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേമം നിയമസഭ മണ്ഡലത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായുള്ള ഡീലിൻ്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നേമത്തെ കോൺഗ്രസ് വോട്ട് ബിജെപിക്ക് പോയിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫിനെ തറപറ്റിക്കണം എന്ന ഉദ്ദേശ്യത്തോടെ കോണ്‍ഗ്രസ് എന്തും ആയുധമാക്കുന്നുവെന്ന് വിമർശിച്ച മുഖ്യമന്ത്രി എല്‍ഡിഎഫിനെതിരെ കോൺഗ്രസും ബിജെപിയും ഒരു മനസായി പ്രവർത്തിക്കുന്നുവെന്നും പറഞ്ഞു.

"നേമത്തെ കോൺഗ്രസ് വോട്ട് ബിജെപിക്ക് ചെയ്തു. അപ്പുറത്തൊരു കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയവും ഡീലിൻ്റെ ഭാഗമായി ഉറപ്പാക്കി. ലോക്സഭയിലും ബിജെപി അക്കൗണ്ട് തുറന്നു. കോൺഗ്രസിലെ നല്ല അംഗീകാരമുള്ളയാളായിരുന്നു അവിടെ യുഡിഎഫ് സ്ഥാനാർഥി. എന്നിട്ടും കോൺഗ്രസ് വോട്ട് ബിജെപിക്ക് പോയി. പക്ഷെ ഇടതുപക്ഷം വോട്ട് വർധിപ്പിച്ചു", പിണറായി വിജയന്‍ പറഞ്ഞു.

Also Read: "തണ്ടെല്ലോട് കൂടി ഒരു ബോർഡും ഇവിടെയുണ്ടാകില്ല, വഖഫ് നിയമഭേദഗതി നടപ്പാക്കും"; വിവാദ പരാമർശവുമായി സുരേഷ് ഗോപി

ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരിന്‍റെ കേരളത്തോടുള്ള സമീപനത്തേയും പിണറായി വിജയന്‍ വിമർശിച്ചു. കേരളത്തെ തകർച്ചയിലേക്ക് നയിക്കുന്ന നയമാണ് കേന്ദ്രത്തിൻ്റേത്. യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കിൽ ആയിരക്കണക്കിന് സ്കൂളുകൾ പൂട്ടി പോകുമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നാല് വോട്ടിന് വേണ്ടി വർഗീയതയുമായി കോൺഗ്രസ് ചേർന്ന് നിൽക്കുന്നുവെന്നും പിണറായി ആരോപണം ഉന്നയിച്ചു.

യുഡിഎഫിന് ജമാഅത്തെ ഇസ്ലാമി പരസ്യ പിന്തുണ നൽകിയെന്നും പിണറായി ആരോപിച്ചു. "കോൺഗ്രസ് അതിനെക്കുറിച്ച് എന്താണ് പറയാത്തത്? ജമാഅത്തെ ഇസ്ലാമി എന്താണെന്ന് ഞങ്ങളാരെങ്കിലും പറഞ്ഞ് തരണോ? തെരഞ്ഞെടുപ്പിൽ വിശ്വാസിക്കാത്ത ജമാഅത്തെ ഇസ്ലാമി കശ്മീരിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. സിപിഎം നേതാവ് തരിഗാമിയെ പരാജയപ്പെടുത്താൻ അവർ അവിടെ കേന്ദ്രീകരിച്ചു", പിണറായി വിജയന്‍ പറഞ്ഞു.

Also Read: IMPACT | വയനാട്ടിലെ പഴകിയ ഭക്ഷ്യക്കിറ്റ് വിവാദം; വിതരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കളക്ടർ

ഖലീഫമാരുടെ ഭരണത്തെ മോശമായി പറഞ്ഞുവെന്നാണ് മറ്റൊരു വിമർശനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഖലീഫമാരുടെ ഭരണം ഇപ്പോൾ വേണമെന്ന് പറഞ്ഞാൽ യോജിക്കാനാകുമോ? രാജാക്കന്മാരും ഖലീഫമാരും നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടാവും. അതൊന്നും ജനാധിപത്യത്തിന് മുകളിലാവില്ല. ഖലീഫ പരാമർശം ജമാഅത്തെ ഇസ്ലാമി വക്രീകരിക്കാൻ ശ്രമിച്ചു. അവരുടെ കൂടെയായിരുന്നു ലീഗിൻ്റെ നിലപാട്. വർഗീയതക്കെതിരെയാണ് ഇടതുപക്ഷത്തിൻ്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com