കേട്ടാൽ അറക്കുന്ന കമന്റുകൾ വരുന്നുവെന്നും അർജുൻ്റെ കുടുംബം പറഞ്ഞു
കുടുംബത്തിൻ്റെ വൈകാരികതയെ ചിലർ ചൂഷണം ചെയ്യുന്നുവെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ്റെ കുടുംബം. സമൂഹ മാധ്യമങ്ങളിൽ സൈബർ അറ്റാക്ക് നേരിടുന്നു. അർജുന്റെ സാലറിയെ സംബന്ധിച്ച് ചർച്ച നടക്കുന്നു. പല യൂട്യൂബ് ചാനലുകളും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. 75000 രൂപ ശമ്പളം ഉണ്ടായിട്ടും അർജുന് ജീവിക്കാൻ കഴിയുന്നില്ല എന്ന് പ്രചാരണം നടക്കുന്നു. കേട്ടാൽ അറക്കുന്ന കമന്റുകൾ വരുന്നുവെന്നും അർജുൻ്റെ കുടുംബം പറഞ്ഞു.
കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യരുതെന്നും, അങ്ങനെ ചെയ്‌താൽ ശക്തമായി പ്രതികരിക്കുമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. ലോറി ഉടമ മനാഫിനെതിരെയും കുടുംബം രംഗത്തെത്തി. അയാൾ അർജുന്റെ പേരിൽ പണം പിരിക്കുന്നു, മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി പണം നൽകാൻ വന്നവർ ഉണ്ട്, തങ്ങൾക്ക് ആ പണം ആവശ്യമില്ലെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. ഡ്രെഡ്ജർ എത്തിച്ചപ്പോൾ മാൽപ്പെയെ ഉപയോഗിച്ച് നാടക പരമ്പരയാണ് മനാഫ് നടത്തിയത്. മനാഫ് അവിടെ നടന്ന കാര്യങ്ങൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ചു.
മനാഫ് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം നോക്കി അത് കൂടെ ഉള്ളവരോട് പറഞ്ഞു. ഡ്രഡ്‌ജർ എത്തിച്ചിട്ട് കാര്യമില്ലെന്ന് മനാഫ് പറഞ്ഞു ഞങ്ങളെ നിരുത്സാഹപ്പെടുത്തി. മനാഫിന്റെ ഇടപെടൽ കാരണം ഡ്രെഡ്ജർ എത്തുമോ എന്നുപോലും ഭയപ്പെട്ടുവെന്നും കുടുംബം പറഞ്ഞു.
അതേസമയം, അർജുൻ്റെ മൃതദേഹം കണ്ടെത്താൻ കൂടെ നിന്നതിന് എല്ലാവർക്കും അർജുൻ്റെ കുടുംബം നന്ദി അറിയിച്ചു. ഭാര്യ കൃഷ്ണപ്രിയ, സഹോദരി അഞ്ജു, അമ്മ ഷീല , അച്ഛൻ പ്രേമൻ എന്നിവരാണ് മാധ്യമങ്ങളെ കണ്ട് നന്ദി അറിയിച്ചത്. മാധ്യമപ്രവർത്തകർ കരഞ്ഞുകൊണ്ട് പോലും റിപ്പോർട്ട് ചെയ്തു, അത് അത്ഭുതപ്പെടുത്തിയെന്നും അർജുൻ്റെ കുടുംബം പറഞ്ഞു.