ഇടുക്കിയിലെ അനധികൃത ഖനനം: സിപിഎം ജില്ലാ സെക്രട്ടറിയുടെ വിമർശനത്തിന് പിന്നാലെ ഖനനത്തിനെതിരായ നടപടികളിൽ ഉറച്ച് കളക്ടർ

എല്ലാ തരം അനധികൃത ഖനനങ്ങൾക്കെതിരെയും നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. അനധികൃത ഖനന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് കളക്ടര്‍ക്കെതിരെ വിമർശനമുന്നയിച്ചിരുന്നു
ഇടുക്കിയിലെ അനധികൃത ഖനനം: സിപിഎം ജില്ലാ സെക്രട്ടറിയുടെ വിമർശനത്തിന് പിന്നാലെ ഖനനത്തിനെതിരായ നടപടികളിൽ ഉറച്ച് കളക്ടർ
Published on


ഇടുക്കിയിലെ അനധികൃത പാറ ഖനനത്തിനെതിരായ നടപടികളിൽ ഉറച്ച് ജില്ലാ കലക്ടർ വി. വിഘ്നേശ്വരി. എല്ലാ തരം അനധികൃത ഖനനങ്ങൾക്കെതിരെയും നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. അനധികൃത ഖനനത്തിൽ മൂന്നു പേർക്ക് പിഴ തുക തീരുമാനിക്കാൻ നിർദേശം നൽകിയെന്നും വി. വിഘ്നേശ്വരി വ്യക്തമാക്കി. രണ്ട് സബ് കളക്ടർമാരുടെ നേതൃത്വത്തിലാണ് അനധികൃത ഖനനത്തിനെതിരെ അന്വേഷണം നടക്കുക.


അനധികൃത ഖനന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് കളക്ടര്‍ക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. തുടർന്നാണ് നടപടിയിൽ ഉറച്ച് വി. വിഘ്നേശ്വരി രംഗത്തെത്തിയിരിക്കുന്നത്. പേരില്ലാ പരാതിയില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് ആലോചനയില്ലാതെയാണ്. ഇതില്‍ ഗൂഢാലോചന ഉണ്ടെന്നും സി.വി. വര്‍ഗീസിൻ്റെ ആരോപണം.

'പൊതു പ്രവര്‍ത്തകരുടെ മക്കള്‍ക്ക് ജോലി ചെയ്യാനും സമൂഹത്തില്‍ ജീവിക്കാനും നിയമപരമായി കാര്യങ്ങള്‍ ചെയ്യാനും അവകാശമുണ്ട്. ഏതെങ്കിലും ആളുകള്‍ ഒരു പരാതി അയച്ചാല്‍ അതിന്റെ പേരില്‍ ഇങ്ങനെ ഒരു അന്വേഷണം നടത്താന്‍ ഉത്തരവിടുകയും അത് മാധ്യമങ്ങളില്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നത് അനുചിതമാണോ എന്ന് ഉത്തരവിട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ ആത്മപരിശോധന നടത്തേണ്ട കാര്യമാണ്. അത്തരമൊരു പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് സിപിഎം ജില്ലാ കമ്മിറ്റി കരുതുന്നില്ല,' സി.വി. വര്‍ഗീസ് പറഞ്ഞു.

അനധികൃത പാറഖനനത്തിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനും എതിരായി ഉയർന്ന പരാതിയെ അവജ്ഞയോടെ തള്ളുന്നെന്നായിരുന്നു ജില്ലാ സെക്രട്ടറി സി.വി. വർഗീസിൻ്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. പേരെടുത്തു പറഞ്ഞുള്ള അന്വേഷണ ഉത്തരവ് തെറ്റായിപ്പോയെന്നും മാധ്യമങ്ങൾക്ക് അവ ചോർത്തി നൽകിയ നടപടി ജില്ലാ കളക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണെന്നും സി.വി. വർഗീസ് പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടിയുമായി മുന്നോട്ട് പോകുന്നെന്ന് കളക്ടർ വ്യക്തമാക്കിയത്.


അനധികൃത പാറപൊട്ടിക്കലും മണ്ണ് കടത്തും നടത്തിയെന്ന പരാതിയില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനും മകനും മരുമകനുമെതിരെ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൊതു പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. സബ് കളക്ടറെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല, പീരുമേട്, ഇടുക്കി, ദേവികുളം തുടങ്ങിയ പ്രദേശങ്ങളില്‍ കുളം നിര്‍മാണത്തിന്റെ പേരിലും റോഡ് നിര്‍മാണത്തിന്റെ പേരിലും വ്യാപകമായി പാറപൊട്ടിക്കലും മണ്ണെടുപ്പും അധികൃതരുടെ ഒത്താശയോട് കൂടി നടക്കുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജില്ലാ സെക്രട്ടറിക്കും കുടുംബത്തിനും ഇപ്പോള്‍ 15 ടിപ്പര്‍, എട്ട് ടോറസ്, 18 ബസ്, നാല് ഹിറ്റാച്ചി, നാല് ജെസിബി, ഇന്നോവ ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ പൂമ്പാറയില്‍ ഏക്കര്‍ കണക്കിന് ഏലത്തോട്ടം, കോടിക്കണക്കിന് രൂപയുമുണ്ട്. ഇത് ചെറിയ കാലയളവിനുള്ളില്‍ സാമ്പാദിച്ചിട്ടുണ്ട്. ഇവരുടെ ഗുണ്ടായിസം മൂലം പാവപ്പെട്ട പലയാളുകള്‍ക്കും ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇവരുടെ മുന്നില്‍ പൊലീസ് അടക്കമുള്ളയാളുകള്‍ കണ്ണടയ്ക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com