നിവിൻ പോളിയുടെ പ്രതികരണം തെളിവ് നശിപ്പിച്ചെന്ന ധൈര്യത്തില്‍; പീഡന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പരാതിക്കാരി

പൊലീസ് നടത്തുന്ന ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ഏതറ്റം വരെയും പോകുമെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പറഞ്ഞു
നിവിൻ പോളിയുടെ പ്രതികരണം തെളിവ് നശിപ്പിച്ചെന്ന ധൈര്യത്തില്‍; പീഡന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പരാതിക്കാരി
Published on

നടന്‍ നിവിന്‍ പോളിക്കെതിരായ പീഡനപരാതിയില്‍ ഉറച്ച് പരാതിക്കാരി. ഉപദ്രവത്തിന് ഇരയായ വ്യക്തിയെ അറിയാമെന്ന് ഒരു കുറ്റാരോപിതനും പറഞ്ഞ ചരിത്രമില്ല. പൊലീസ് നടത്തുന്ന ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ഏതറ്റം വരെയും പോകുമെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പറഞ്ഞു. ഫോണിലുണ്ടായിരുന്ന തെളിവുകള്‍ എല്ലാം നശിപ്പിച്ചതിന്‍റെ ധൈര്യത്തിലാണ് തെളിവൊന്നും ഇല്ല എന്ന് നിവിന്‍ പറയുന്നത്. തന്നെ അറിയില്ലെന്ന നിവിന്‍റെ വാദം കള്ളമാണെന്നും പരാതിക്കാരി പറഞ്ഞു.

ആദ്യം നല്‍കിയ കേസ് പൊലീസ് തള്ളിയത് താന്‍ തെളിവ് നല്‍കണമെന്ന് പറഞ്ഞുകൊണ്ടാണ്, ദുബായില്‍ നടന്ന സംഭവത്തിന് ഇവിടെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞെന്നും പരാതിക്കാരി ആരോപിച്ചു. എ.കെ. സുനില്‍ എന്ന നിര്‍മാതാവാണ് നിവിനെയും മറ്റുള്ളവരെയും പരിചയപ്പെടുത്തിയത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒന്നാം പ്രതി ശ്രേയയാണ് എ.കെ സുനിലിന്‍റെ അടുത്തേക്ക് എത്തിച്ചതെന്നും പരാതിക്കാരി പറഞ്ഞു. ഹണിട്രാപ്പ് എന്ന പേരില്‍ തന്‍റെയും ഭര്‍ത്താവിന്‍റെയും ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ തയാറായില്ലെന്നും പരാതിക്കാരി പറഞ്ഞു.

പീഡനാരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്ന് നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയായിരുന്നു യുവതിയുടെ പ്രതികരണം. തനിക്കെതിരെ ഉണ്ടായ ആരോപണം അടിസ്ഥാന രഹിതമാണ്. ഇതാദ്യമായാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണം വരുന്നത്. നിയമത്തിന്‍റെ എല്ലാ വഴികളും സ്വീകരിക്കും. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാന്‍ തയാറാണ്. ഒന്നരമാസം മുന്‍പ് ഊന്നുകല്‍ പോലീസില്‍ നിന്ന് വിളിച്ചിരുന്നു, വ്യാജാരോപണം ആണെന്ന് അന്ന് തന്നെ അറിയിച്ചിരുന്നു. ഇത് മനപൂര്‍വം ഉള്ള പരാതിയാണിത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും നിവിന്‍ പോളി പറഞ്ഞു.

നാളെയും ആർക്കെതിരെയും ആരോപണങ്ങൾ ഉയരാം. അവർക്ക് കൂടി വേണ്ടിയാണ് ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ വരുമ്പോള്‍ അത് ആര്‍ക്കെതിരെ വേണമെങ്കിലും വരാം. എല്ലാവര്‍ക്കും ജീവിക്കണമല്ലോ. ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. ആരെങ്കിലും സംസാരിച്ച് തുടങ്ങണമല്ലോ അത് കൊണ്ടാണ് ഉടനടി പ്രതികരിച്ചതെന്നും നിവിന്‍ പോളി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com