കരളിനെ അടക്കം ബാധിക്കും; നിംസുലൈഡ്​​ വേദനസംഹാരിക്ക് വിലക്കേർപ്പെടുത്താൻ ICMR

ആമാശയ പ്രശ്നങ്ങൾ, മലബന്ധം, ഓക്കാനം, ഛർദ്ദി, തലകറക്കം, ചർമ്മത്തിലെ തടിപ്പ്, വയറിളക്കം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ നിംസുലൈഡുകൾ കാരണമാകുന്നുവെന്നാണ് പഠന റിപ്പോർട്ടിലുള്ളത്
കരളിനെ അടക്കം ബാധിക്കും; നിംസുലൈഡ്​​ വേദനസംഹാരിക്ക് വിലക്കേർപ്പെടുത്താൻ ICMR
Published on

പനി, തലവേദന, അലർജി എന്നിവയ്ക്ക് ഉപയോഗിക്കുന്ന നിംസുലൈഡ് വേദന സംഹാരികൾക്ക് വിലക്കേർപ്പെടുത്താൻ വിദഗ്‌ധരുടെ നിർദേശം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് നിംസുലൈഡുകൾ നിരോധിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടനെ സമർപ്പിക്കും. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മരുന്നാണിത്.

1985ൽ ഇറ്റലിയിലാണ് നിംസുലൈഡ് വേദനസംഹാരികൾ ആദ്യമായി വിപണിയിലിറങ്ങിയത്. പിന്നീടത് നിമുവിൻ, നിമുടാബ്, നിമോപെൻ തുടങ്ങി വിവിധ പേരുകളിൽ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് വളരെയേറെ പ്രചാരത്തിലുള്ള ഈ പെയിൻകില്ലർ നിരോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് നിർദേശിച്ചത്.

നിംസുലൈഡ് വേദനസംഹാരി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ വർഷം സർക്കാർ കമ്മിറ്റി രൂപീകരിച്ചിരുന്നു. പെയിൻ കില്ലർ കരൾ രോഗത്തിന് കാരണമാകുന്നു എന്ന പ്രചാരണമാണ് പഠനത്തിന് ആധാരം. ഇത്തരം മരുന്നുകൾ പല മനുഷ്യരിലും ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുവെന്നാണ് ഐസിഎംആർ കണ്ടെത്തൽ. ആമാശയ പ്രശ്നങ്ങൾ, മലബന്ധം, ഓക്കാനം, ഛർദ്ദി, തലകറക്കം, ചർമ്മത്തിലെ തടിപ്പ്, വയറിളക്കം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ നിംസുലൈഡുകൾ കാരണമാകുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.

പനിയും സന്ധിവേദനയും പോലുള്ള രോഗാവസ്ഥകളെ ചികിത്സിക്കാൻ നിംസുലൈഡിനേക്കാൾ സുരക്ഷിതമായ ബദലുകൾ ലഭ്യമാണെന്നും അത്തരം മരുന്നുകളാണ് ഡോക്ടർമാർ നിർദേശിക്കേണ്ടതെന്നും കമ്മിറ്റി ശുപാർശയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ശുപാർശ ഉടൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷനും ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി ബോർഡിനും സമർപ്പിക്കും. അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിംസുലൈഡുകൾ ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ വിലക്കുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com