
കണ്ണൂരിൽ എഡിഎം നവീൻ ബാബു മരണപ്പെട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിനുൾപ്പെടെ ഷെയർ ഉള്ളതാണെന്നും പ്രശാന്തൻ ബിനാമിയാണെന്നും ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് പറഞ്ഞു. എം.വി. ജയരാജൻ പുലർച്ചെ ആംബുലൻസ് വഴി തിരിച്ചുവിട്ട് റോഡിൽ കാത്തുനിന്നവരെ കബളിപ്പിച്ചെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.
നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. വ്യാജ ആരോപണം ഉന്നയിച്ച പി.പി ദിവ്യക്കെതിരെയും പരാതിക്കാരൻ ടി.വി. പ്രശാന്തനെതിരെയും നവീൻ്റെ സഹോദരനും പൊലീസിൽ പരാതി നൽകിയിരുന്നു. നടപടി ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് ജീവനക്കാർ ഇന്ന് അവധിയെടുത്ത് പ്രതിഷേധിക്കും.
എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ടയിലും മലയാലപ്പുഴയിലും കോൺഗ്രസ് ബിജെപി ഹർത്താലാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ ആചരിക്കുക. ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകൾ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. നവീൻ ബാബുവിൻ്റെ മൃതദേഹം നാളെ സംസ്കരിക്കും.