നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മൂന്ന് വർഷം ബാക്കി നിൽക്കെയാണ് എഐസിസിയുടെ നടപടി
ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം പിരിച്ച് വിട്ട് എഐസിസി. സംസ്ഥാന ഭാരാഹികൾക്ക് പുറമെ ജില്ലാ, മണ്ഡൽ കമ്മിറ്റികളെയും എഐസിസി പിരിച്ചു വിട്ടു. ഗ്രൂപ്പിസം താഴെ തട്ടിലേക്കും വ്യാപിച്ചതായി കണ്ടെത്തിയാണ് കൂട്ട പിരിച്ചുവിടൽ.
തികച്ചും അപ്രതീക്ഷമായായിരുന്നു പിസിസിയും ഡിസിസിയും ബ്ലോക് കമ്മിറ്റിയും പിരിച്ചുവിടാൻ സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർദേശിച്ചത്. രണ്ട് വർഷം മുമ്പാണ് നിലവിൽ പ്രതിഭാസിംഗ് അധ്യക്ഷനായ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വന്നത്. ഹിമാചലിൽ കോൺഗ്രസ് അധികാരത്തിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു രൂപീകരണം. 2019ലും സമാനമായ നടപടി കോൺഗ്രസ് സ്വീകരിച്ചിരുന്നു. അന്ന് സംസ്ഥാന ഘടകം പിരിച്ചുവിട്ടെങ്കിലും കുൽദീപ് സിംഗ് റാത്തോറിനെ പ്രസിഡൻ്റായി നിലനിർത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മൂന്ന് വർഷം ബാക്കി നിൽക്കെയാണ് എഐസിസിയുടെ നടപടി. പാർട്ടിയിൽ ഗ്രൂപ്പിസം മൂർച്ഛിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഹിമാചലിലൂടെ കോൺഗ്രസ് നേതൃത്വം നൽകുന്നത്. കേരളം അടക്കമുള്ള പിസിസികൾക്കും അച്ചടക്ക പരിധി ലംഘനമുണ്ടായാൽ നടപടിയുണ്ടായേക്കുമെന്ന സൂചനയും എഐസിസി നീക്കത്തിലുണ്ട്.