
പാലക്കാട് എസ്ഡിപിഐ വോട്ടുകൾ കോൺഗ്രസിന് വേണ്ടെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. വർഗ്ഗീയ വോട്ടുകൾ വേണ്ട എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഡോ.പി സരിൻ സ്ഥാനാർഥിയായതിലും സരിന്റെ ആരോപണങ്ങളിലും സന്തോഷമുണ്ട്. അതിന്റെ കാരണം ഫലം അറിയുമ്പോൾ മനസ്സിലാകുമെന്നും ഷാഫി പറമ്പിൽ ന്യൂസ് മലയാളം ബിഗ് ബൈ ക്രോസ് ഫയറിൽ പറഞ്ഞു.
അതേസമയം മൂവർ സംഘമെന്ന സരിന്റെ ആരോപണങ്ങൾക്ക് ഷാഫി മറുപടി നൽകിയില്ല. എസ്ഡിപിഐ വോട്ടുകൾ പാലക്കാടും കോൺഗ്രസിന് വേണ്ട എന്നത് തന്നെയാണ് നിലപാടെന്നും ഷാഫി വ്യക്തമാക്കി. പാലക്കാട് യുഡിഎഫിന് ജനങ്ങളുമായി ആണ് ഡീൽ. തൃശൂരിലെ പോലെ പാലക്കാട് ഡീൽ ഉണ്ടാക്കാൻ സിപിഎമ്മിന് കഴിയില്ലന്നും ഷാഫി പറഞ്ഞു.
ഒരു യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ട ഏറ്റവും മികച്ച രാഷ്ട്രീയ കാലാവസ്ഥയാണ് രാഹുലിന് പാലക്കാട് ഉള്ളത്. 5 അക്ക ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും ഷാഫി വ്യക്തമാക്കി. 2026 ഇൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കാൻ ഇല്ലെന്നും വടകരയിൽ എംപിയായി തുടരുമെന്നും ഷാഫി കൂട്ടിച്ചേർത്തു.