
കോൺഗ്രസിൽ നിന്നും പുറത്ത് വന്ന ഡോ. പി. സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായതിൻ്റെ സാഹചര്യങ്ങൾ വിശദീകരിക്കാനൊരുങ്ങി സിപിഎം. കോൺഗ്രസ് വിട്ട സരിനെ ഉടൻ തന്നെ സ്ഥാനാർഥിയാക്കിയതിൽ പ്രവർത്തകരുടെയും അനുഭാവികളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പോയ പാലക്കാട് മണ്ഡലത്തിൽ, തിരിച്ചു വരാനുള്ള തുറുപ്പ് ചീട്ടായാണ് സിപിഎം സരിൻ്റെ സ്ഥാനാർഥിത്വത്തെ കാണുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വരെ സിപിഎമ്മിനെ വിമർശിച്ചു നടന്ന ഒരാളെ, സ്ഥാനാർഥിയാക്കിയത്തിൽ അമർഷം ഉള്ളവരുമുണ്ട്. ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്.
പാർട്ടി ദുർബലമായ പാലക്കാട് നഗരസഭയിലെ വോട്ടർമാർക്ക് കൂടി സ്വീകാര്യനായ ഒരു സ്ഥാനാർഥി എന്ന നിലയ്ക്കാണ് സരിനെ സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. യുഡിഎഫ് - ബിജെപി പോരാട്ടം എന്ന നിലയിൽ നിന്ന് യുഡിഎഫ് - എൽഡിഎഫ് പോരാട്ടമാക്കി മാറ്റാനും സരിൻ്റെ സ്ഥാനാർഥിത്വം ഗുണകരമാകുമെന്നാണ് സിപിഎം കരുതുന്നത്.
അതുകൊണ്ടുതന്നെ ഇതുവരെയുള്ള നീക്കങ്ങൾക്ക് പ്രതീക്ഷിച്ച ഫലം കിട്ടിയെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ സരിന് സീറ്റ് നൽകിയതിൻ്റെ പേരിൽ അതൃപ്തി പ്രകടിപ്പിച്ച് നിൽക്കുന്നവരെ സാഹചര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനും അനുനയ നീക്കങ്ങൾ നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.