
എഡിജിപി ആരെ കണ്ടാലും പാര്‍ട്ടിക്ക് പ്രശ്‌നമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എഡിജിപി ആരെ കാണുന്നു എന്നത് സിപിഎമ്മുമായി കൂട്ടിക്കുഴക്കേണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ആര്‍എസ്എസ് മേധാവിയുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. തൃശൂര്‍ പൂരം കലക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന ആരോപണത്തെയാണ് താന്‍ അസംബന്ധം എന്ന് പറഞ്ഞത്. സിപിഎമ്മിന് ബിജെപിയോടുള്ള നിലപാട് എല്ലാവര്‍ക്കും അറിയാം.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച്ചയെങ്കില്‍ അത് പാര്‍ട്ടിയെ ബാധിക്കുന്നതാണെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണ്. കണക്കുകള്‍ അത് വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് ആടിനെ പട്ടിയാക്കുന്ന രീതിയാണ്.
പൊലീസിനെതിരായ പരാതി അറിയിക്കാന്‍ പി.വി അന്‍വര്‍ വാട്‌സ്ആപ്പ് നമ്പര്‍ വെച്ചതില്‍ തെറ്റില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
എഡിജിപി ഇടതുപക്ഷ നേതാവല്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്റെ പ്രതികരണം. എന്തിനാണ് കൂടിക്കാഴ്ച്ച നടന്നതെന്ന് എഡിജിപി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
പൊലീസ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന പുഴുക്കുത്തുകള്‍ക്കെതിരെ നടപടി ഉണ്ടാകും
പൊലീസ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന പുഴുക്കുത്തുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തെറ്റ് ചെയ്തവരോട് സര്‍ക്കാര്‍ കോംപ്രമൈസ് ചെയ്യില്ല. സംഭവത്തില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ആര് ആരെ കണ്ടാലും സിപിഐഎമ്മിന് ഒരു നിലപാടുണ്ട്. അത് ജനങ്ങള്‍ക്കറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.