എലപ്പുള്ളി മദ്യക്കമ്പനി വിവാദം: മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി, സർക്കാർ പിന്തിരിയണമെന്ന് രമേശ് ചെന്നിത്തല

ഈ കാര്യത്തിൽ സിപിഐ അഭിപ്രായം പറയാതെ ഒളിച്ചു കളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
എലപ്പുള്ളി മദ്യക്കമ്പനി വിവാദം: മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി, സർക്കാർ പിന്തിരിയണമെന്ന് രമേശ് ചെന്നിത്തല
Published on

എലപ്പുള്ളി മദ്യക്കമ്പനി വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബ്രൂവെറി അനുവദിക്കുന്നത് പാലക്കാട്ടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന ബോധപൂർവമായ അഴിമതിയാണിത്. സർക്കാർ ഇതിൽ നിന്ന് പിന്തിരിയണം, രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


ഗവൺമെൻ്റ് ഉത്തരവിൽ കമ്പനികളെ പ്രകീർത്തിരിക്കുകയാണ്. "ഒയാസിസ് കമ്പനിയുടെ ഡയറക്ടർ ഡൽഹി മദ്യനയ കേസിലെ പ്രതി കൂടിയാണ്. ഇത്തരം കമ്പനി കേരളത്തിലേക്ക് കൊണ്ടുവരുന്നത് മുഖ്യമന്ത്രിയാണ്‌. ഈ കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തു എന്ന് ജനങ്ങൾക്ക് അറിയണം", രമേശ് ചെന്നിത്തല പറഞ്ഞു. കാർഷിക ആവശ്യത്തിന് വെള്ളവും തൊഴിൽ കിട്ടുമെന്നുള്ളത് കള്ളമാണെന്നും, ജനങ്ങൾക്കും കർഷകർക്കും ഉണ്ടാകാൻ പോകുന്ന പ്രതിസന്ധി വളരെ വലുതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഈ കാര്യത്തിൽ സിപിഐ അഭിപ്രായം പറയാതെ ഒളിച്ചു കളിക്കുകയാണ്. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും നാളെ സ്ഥലം സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. "സമരം ചെയ്ത പാരമ്പര്യം മറന്ന് കൊണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലാതെ മാറിയെന്നത് എല്ലാവർക്കും മനസിലാകുന്ന കാര്യമാണ്.

"പദ്ധതി ജനത്തിൻ്റെയോ സംസ്ഥാനത്തിൻ്റെയോ താൽപര്യം സംരക്ഷിക്കാൻ വേണ്ടി അല്ല. വൻ അഴിമതിക്ക് വഴി തുറക്കുന്നതാണിത്. ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്ന കാര്യം ആരും അറിഞ്ഞിട്ടില്ല", രമേശ് ചെന്നിത്തല പറഞ്ഞു. കൊക്കൊ കോളയ്ക്ക് എതിരെ നടത്തിയ സമരം തെറ്റായി പോയേന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും രമേശ് ചെന്നിത്തല ചോദ്യം ഉന്നയിച്ചു. പദ്ധതി നടപ്പിലാക്കുന്നതോടെ വൻതോതിൽ ജലചൂഷണം ഉണ്ടാകും. അതിനെയാണ് ഞങ്ങൾ എതിർക്കുന്നത്.

ജല ചൂഷണം നടത്തുന്ന കമ്പനികൾക്ക് കൊടുക്കുന്നതിനാണ് ഞങ്ങൾ എതിര് നിൽക്കുന്നത്. മഴയുള്ള പ്രദേശമല്ലല്ലോ പിന്നെങ്ങനെയാണ് മഴവെള്ളം സംഭരിക്കുന്നത്. മഴവെള്ള സംഭരിച്ച് ഇതുപോലൊരു പദ്ധതി നടപ്പാക്കാൻ സാധിക്കുമോ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. "ഞങ്ങൾ വ്യവസായങ്ങൾക്കെതിരല്ല. പ്രൊജക്റ്റ് വെച്ചാൽ അതിന് ശരവേഗത്തിൽ അനുമതി കൊടുക്കേണ്ട എന്ത് കാര്യമാണുള്ളത്. ജനകീയ സമരവുമായി മുന്നോട്ടു പോകും", രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com