തിരുവമ്പാടിക്കാർക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നതായും മുരളീധരൻ പറഞ്ഞു
തൃശൂർ പൂരം കലക്കൽ വിവാദത്തെ തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിൽ വിമർശനമുന്നയിച്ച് കെ.മുരളീധരൻ. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ കോൺഗ്രസ് സമരം ചെയ്യുമെന്നും മുരളീധരൻ അറിയിച്ചു.
തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ ശ്രമിച്ചത് ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ്. അതിന് ഭംഗം വന്നപ്പോൾ തിരുവമ്പാടി പൂരം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നെന്നും അതിന് അവരെ കുറ്റം പറയാൻ കഴിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി. തിരുവമ്പാടിക്കാർക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നതായും മുരളീധരൻ പറഞ്ഞു.
റിപ്പോർട്ട് തയ്യാറാക്കാൻ നൽകിയപ്പോൾ തന്നെ വൈരുധ്യമാണ് ഉണ്ടായത്. ഡിജിപിയെ ബൊമ്മയെപോലെ ഇരുത്തിയിരിക്കുന്നുവെന്നും മുരളീധരൻ വിമർശിച്ചു. പൂരത്തിൻ്റെ വെടിക്കെട്ടിനേക്കാൾ വലിയ ശബ്ദത്തിലാണ് ഇപ്പോൾ വെടിക്കെട്ട് നടക്കുന്നതെന്നും കെ.മുരളീധരൻ ചൂണ്ടിക്കാട്ടി. തൃശൂർ പൂരം അലങ്കോലമാക്കിയതിലെ അന്വേഷണ റിപ്പോർട്ടിനെ പരിഹസിച്ച് നേരത്തെയും കെ മുരളീധരൻ രംഗത്തെത്തിയിരുന്നു.തിരുമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്നായിരുന്നു പരിഹാസം.