സിപിഐയെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞോ സർക്കാരിന്. രാജന് പൂരം റിപ്പോർട്ടിൽ വിശ്വാസം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു
തൃശൂർ പൂരം അലങ്കോലമാക്കിയതിലെ അന്വേഷണ റിപ്പോർട്ടിനെ പരിഹസിച്ച് കെ മുരളീധരൻ. തിരുമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്ന് പരിഹാസം. പൂരം കലക്കി സുരേഷ് ഗോപിയെ ഡൽഹിക്ക് അയച്ചതുപോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. യോഗിയെക്കാൾ ആർഎസ്എസിനു വിശ്വാസം പിണറായി വിജയനെയാണെന്നും മുരളീധരൻ പറഞ്ഞു.
പൂരം കലക്കിയവനെയാണ് അന്വേഷണത്തിനായി നിയോഗിക്കുന്നത്. എന്തിനാണ് പൂരപറമ്പിലേക്ക് ആംബുലൻസ് കൊണ്ടുവന്നത്. ഒരു സ്ഥാനാർത്ഥിക്ക് വരാൻ ശവശരീരം മാത്രം കയറ്റുന്ന ആംബുലൻസ് എന്തിന് കൊണ്ട് വന്നു. സിപിഐയെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞോ സർക്കാരിന്. മന്ത്രി രാജന് പൂരം റിപ്പോർട്ടിൽ വിശ്വാസം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു. പിണറായിയുടെ കവചകുണ്ഡലങ്ങളാണ് ശശിയും അജിത് കുമാറും. അത് ഊരി നൽകില്ല. ഊരിയാൽ പിന്നെ പിണറായി രാജ്ഭവനിൽ പോയി രാജിവച്ചാൽ മതിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
തൃശ്ശൂർ പൂരം കലക്കലിൽ കെപിസിസി അന്വേഷണ റിപ്പോർട്ട് എന്താണെന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം. തൃശൂരിലെ തോൽവിയിൽ പരാതിക്കാരൻ അല്ല താൻ. പരമ്പാരാഗത വോട്ട് യുഡിഎഫിൽ നിന്ന് ചോർന്നിട്ടുണ്ട്. അതിൻ്റെ മെച്ചം പക്ഷെ സുനിൽകുമാറിന് കിട്ടിയില്ല. അവിടെയാണ് പിണറായി കളിച്ചതും സുരേഷ് ഗോപി ജയിച്ചതെന്നും മുരളീധരൻ പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേന്ദ്ര നയത്തോട് യോജിക്കുന്നില്ല. ടോക്കൺ തുകെയെങ്കിലും കേരളത്തിന് കൊടുക്കണമായിരുന്നു. കേരളം നൽകിയ എസ്റ്റിമേറ്റ് കണക്കോ പെരുപ്പിച്ചാണ് നൽകിയിരിക്കുന്നത്. പിന്നാലെ അൻവറിനെയും തള്ളിക്കളഞ്ഞു. പുതുപ്പള്ളി തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് 99 സീറ്റ് നൂറ് സീറ്റാക്കും എന്നായിരുന്നു അഭ്യർത്ഥന. ഇപ്പോ പാർലമെൻ്റിൽ പോയതും പിവി അൻവറും ചേർത്താ എണ്ണം കുറയുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.
ബിനോയ് വിശ്വം ഉറഞ്ഞ് തുള്ളിയാലും പിണറായി കുലുങ്ങില്ല. ശശിയും അജിത്തും പോയാൽ പിന്നെ പിണറായി രാജി കത്ത് കൊടുത്താൽ മതി.അത്രയധികം കാര്യങ്ങൾ അവർക്ക് പറയാനുണ്ടാകും. അടുത്ത തവണ തലശേരിയിലെ ഇടത് സ്ഥാനാർഥി പി.ശശിയായിരിക്കും. അയാളെ മുഖ്യമന്ത്രി തള്ളിക്കളയുമോയെന്നും മുരളീധരൻ ചോദിച്ചു. രാഹുലിനെതിരെ അൻവറിനെ കൊണ്ട് പറയിപ്പിച്ചത് വരെ പിണറായി ആണ്. ഈ പരിപ്പൊന്നും കേരളത്തിൽ വേവില്ല. ആർഎസ്എസ് അജണ്ട നടപ്പാക്കുന്ന പിണറായിക്കതിരെയാവണം അടുത്ത യുഡിഎഫ് മുദ്രാവാക്യമെന്നും മുരളീധരൻ പറഞ്ഞു.