പുസ്തകത്തിൻ്റെ ആശംസയിൽ മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയും തൻ്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്
മാവോയിസ്‌റ്റുകളും ഇസ്‌ലാമിസ്‌റ്റുകളും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്ന് പി. ജയരാജൻ. ജയരാജനെഴുതിയ 'കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലാണ് ലീഗിനെതിരെ രൂക്ഷ വിമർശനമുള്ളത്. കേരളത്തിലെ അറിയപ്പെടുന്ന മുൻ നക്സലൈറ്റും മാവൂർ ഗ്വാളിയോർ റയോൺസിലെ മുൻ തൊഴിലാളി നേതാവുമായ ഗ്രോ വാസു എന്ന പേരിലറിയപ്പെടുന്ന അയിനൂർ വാസു എസ്‌ഡിപിഐയുടെ സംസ്ഥാന പ്രസിഡൻ്റായത് നക്സലൈറ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിലുളള രാഷ്ട്രീയ കൂട്ടു കച്ചവടത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും പുസ്തകത്തിൽ പി. ജയരാജൻ വ്യക്തമാക്കുന്നുണ്ട്. നിലമ്പൂര്‍ വെടിവെപ്പില്‍ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ജമാ അത്തെ ഇസ്‌ലാമി പ്രചരണം നടത്തിയെന്നും പുസ്‌കത്തിൽ പറയുന്നുണ്ട്.
കേരളത്തിലെ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്‌ദുൾ നാസർ മഅ്ദനി പങ്കു വഹിച്ചിരുന്നുവെന്നും പി.ജയരാജൻ തൻ്റെ പുസ്‌തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മഅ്ദനിയുടെ നേതൃത്വത്തിൽ നടന്ന അതിവൈകാരികമായ പല പ്രഭാഷണ പര്യടനവും തീവ്രവാദ ചിന്ത വളർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1990ൽ മഅ്ദനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സേവക് സംഘം രൂപീകരിച്ചു. പ്രഭാഷണങ്ങൾ നടത്തിയതിന് പിന്നാലെ സംഘത്തിലുള്ളവർ തന്നെ പ്രസ്ഥാനത്തിന് നേരെ തിരിഞ്ഞു. അതോടെ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പീപ്പിൾസ് ഡെമോക്രാറ്റിക് രൂപീകരിക്കുകയായിരുന്നുവെന്നും പി.ജയരാജൻ പറയുന്നു.
പുസ്‌തക പ്രകാശനം കോഴിക്കോട് വെച്ചുനടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഞങ്ങൾ ഒരേ പ്രസ്ഥാനത്തിൽ പെട്ടവരാണെന്നും ആ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന നിലപാടുകൾ പുസ്തകത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് തന്നെയാണ് തൻ്റെയും നിലപാടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
പുസ്തകത്തിൻ്റെ ആശംസയിൽ മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയും തൻ്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മതത്തെ ഉപയോഗിച്ച് രാഷ്‌ട്രീയം ഒളിച്ചു കടത്തുന്നത് ലീഗിന്‍റെ രീതിയാണെന്നും, കേരളത്തിലെ മുസ്ലീങ്ങളെ ഒരു സമുദായം എന്ന നിലയിൽ എടുത്ത് പരിശോധിച്ചാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ അവരുടെ ചരിത്രം സാമ്പത്തിക സാമൂഹിക സാംസ്കാരിക രംഗത്തെ അഭൂതപൂർവമായ പുരോഗതിയുടെ ആകത്തുകയാണെന്നും പാലോളി മുഹമ്മദ് കുട്ടി പറയുന്നു.