
കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലിൽ പുതിയ വെളിപ്പെടുത്തലുമായി നഗരസഭാ കൗൺസിലർ കലാ രാജു. ഡിവൈഎഫ്ഐ നേതാവ് അരുൺ അശോകനാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് കലാ രാജുവിൻ്റെ വെളിപ്പെടുത്തൽ. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സണിന്റെ വാഹനത്തിലാണ് കടത്തിക്കൊണ്ടുപോയതെന്നും കൗൺസിലർ വ്യക്തമാക്കി.
സിപിഎമ്മിൽ മനുഷ്യത്വം നിലച്ചെന്നായിരുന്നു കലാ രാജുവിൻ്റെ പ്രസ്താവന. പൊതുജനമധ്യത്തിൽ തൻ്റെ വസ്ത്രം വലിച്ചഴിച്ചു. തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകയുടെ കൈ വിരൽ ഒടിഞ്ഞു. അതിക്രമത്തിന് ശേഷം സിപിഎം നേതാക്കൾ ആരും വിവരം അന്വേഷിച്ചില്ല. നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞപ്പോൾ അവിശ്വാസ പ്രമേയ ചർച്ച കഴിയട്ടെ എന്നാണ് ഏരിയാ സെക്രട്ടറി പറഞ്ഞതെന്നും കലാ രാജു പറഞ്ഞു.
എന്നാൽ കൂത്താട്ടുകുളത്തേത് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന കുതിരക്കച്ചവടമാണെന്നാണ് സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷിൻ്റെ വാദം. വിവാദം ഉണ്ടാക്കിയാൽ കലാ രാജുവിന്റെ ബാങ്കിലെ ബാധ്യത പരിഹരിക്കാമെന്ന് കോൺഗ്രസ് ഉറപ്പ് നൽകി. കോൺഗ്രസാണ് കലാ രാജുവിനെയും മക്കളെയും തട്ടിക്കൊണ്ടുപോയതെന്നും രതീഷ് ആരോപിച്ചു.
അതേസമയം കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ വിവാദത്തിന് പിന്നാലെ പുത്തൻകുരിശ് ഡിവൈഎസ്പിയുടെ ചുമതല മാറ്റി നൽകി. മൂവാറ്റുപുഴ ഡിവൈഎസ്‌പി പി.എം. ബൈജുവിന് നൽകിയിരുന്ന അധിക ചുമതലയാണ് മാറ്റിയിരിക്കുന്നത്. ആലുവ ഡിവൈഎസ്‌പി ടി.ആർ. രാജേഷിനാണ് ഇനി ചുമതല. പുത്തൻ കുരിശ് ഡിവൈഎസ‌്പി വി.ടി. ഷാജൻ ശബരിമല ഡ്യൂട്ടിക്ക് പോയ സാഹചര്യത്തിലായിരുന്നു മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക് പുത്തൻകുരിശിൻ്റെ അധികചുമതല നൽകിയത്.
വിഷയത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തിയിരുന്നു. കലാ രാജുവിനെ തട്ടികൊണ്ടുപോകാൻ വഴിയൊരുക്കിയത് പൊലീസാണെന്നും പ്രതികളായ ആളുകൾക്ക് പൊലീസ് സുരക്ഷയൊരുക്കിയെന്നുമായിരുന്നു എംഎൽഎയുടെ വിമർശനം. കലാ രാജുവിനെ തട്ടിക്കൊണ്ടുപോകാൻ ഡിവൈഎസ്‌പി അടക്കം സഹായിച്ചുവെന്നുമടക്കമുള്ള ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അധിക ചുമതല മാറ്റി നൽകിയിരിക്കുന്നത്.