തിരുവനന്തപുരം വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് പന്ത്രണ്ടാം കോടതിയാണ് ജാമ്യം നിഷേധിച്ചത്
തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യമില്ല. വിധി തിങ്കളാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് പന്ത്രണ്ടാം കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി തള്ളി.
ബോധപൂര്‍വം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും ഓഫീസില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചു പോയെന്നുമുള്ള വാദമായിരിരുന്നു പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. പ്രതിക്ക് മൂന്ന് മക്കളുണ്ടായിരുന്നെന്നും കുടുംബമുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ജാമ്യം നൽകുകയാണെങ്കിൽ നിയമപരിജ്ഞാനമുള്ള പ്രതി തെളിവ് നശിപ്പിച്ചേക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ പക്ഷം.
കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി ബെയ്‌ലിന്‍ ദാസിനെ ഈ മാസം 30 വരെ റിമാന്‍ഡില്‍ വിട്ടിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ബെയ്ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് എത്തിച്ചു.
കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരിയായ അഭിഭാഷക ശ്യാമിലി ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. എന്നാല്‍, ബെയ്‌ലിന്‍ ദാസ് സാക്ഷികളെ സ്വാധീനിക്കും എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. ഏതൊക്കെ രീതിയില്‍ സ്വാധീനിക്കുമെന്ന് അറിയില്ല. ഒരു വിഭാഗം അഭിഭാഷകരുടെ പിന്തുണ ബെയ്‌ലിന്‍ ദാസിന് സഹായകമാകാമെന്നും അഭിഭാഷക ശ്യാമിലി പറഞ്ഞു.
ഓഫീസിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മര്‍ദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ അപമാനിച്ചുവെന്ന് പറഞ്ഞാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് ശ്യാമിലിയെ മര്‍ദിച്ചത്.