പരീക്ഷാഫലം തടഞ്ഞുവയ്ക്കാനുള്ള തീരുമാനത്തിന് നിയമപരമായ പിന്‍ബലമില്ലെന്ന് ബാലാവകാശ കമ്മീഷൻ
മുഹമ്മദ് ഷഹബാസ്
കോഴിക്കോട് താമരശേരിയിലെ സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെയും എസ്എസ്എല്‍സി ഫലം മെയ് 18നകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. പരീക്ഷാഫലം തടഞ്ഞുവയ്ക്കാനുള്ള തീരുമാനത്തിന് നിയമപരമായ പിന്‍ബലമില്ല. പ്ലസ് ടു പ്രവേശത്തിനുള്ള അപേക്ഷാ തീയതി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍, പരീക്ഷാഫലം പ്രഖ്യാപിക്കാത്തത് കുട്ടികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ ഇത്തരവ്. മുഹമ്മദ് ഷഹബാസിന്റെ മരണത്തിനു പിന്നാലെ, പ്രതികളായ സഹപാഠികള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ, ആറു പേരുടെയും പരീക്ഷാഫലം തടഞ്ഞുവയ്ക്കാനും മൂന്ന് വര്‍ഷത്തേക്ക് പരീക്ഷ എഴുതുന്നത് വിലക്കാനും കേരള പൊതുപരീക്ഷാ ബോര്‍ഡ് ഉത്തരവിട്ടു. ഇതിനെതിരെ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷന്റെ സുപ്രധാന വിലയിരുത്തലുകള്‍
പരീക്ഷാഫലം തടഞ്ഞുവയ്ക്കാനുള്ള തീരുമാനത്തിന് നിയമപരമായ പിന്‍ബലമില്ലാത്തതിനാല്‍, അത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമായി വിലയിരുത്താമെന്ന് കമ്മീഷന്‍ വിലയിരുത്തി. കുട്ടികള്‍ ആരോപണ വിധേയര്‍ മാത്രമാണ്. അവരുടെമേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം നിയമവ്യവസ്ഥയുടെ സൂക്ഷ്മ പരിശോധനയിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ കുട്ടികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് നിയമപരമായ തടസങ്ങളൊന്നുമില്ല.
കുറ്റവാളികളായി ജയിലില്‍ കഴിയുന്ന പലരും ഉന്നത വിദ്യാഭ്യാസം നേടുന്നതും വിവിധതലത്തിലുള്ള പരീക്ഷകള്‍ എഴുതുന്നതും അവരുടെയെല്ലാം ഫലപ്രഖ്യാപനം നടത്തുന്നതും തുടര്‍ പഠനത്തിനുള്ള അവസരം ലഭിക്കുന്നതും നിയമവ്യവസ്ഥയുടെ ഭാഗമാണ്. കുട്ടികളുടെ ജുവനൈല്‍ ബോര്‍ഡിന്റെ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ തുടര്‍പഠനവുമായി ബന്ധപ്പെട്ട് കമ്മീഷന് ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ല. എന്നാല്‍ കുട്ടികളുടെ എസ്എസ്‍എല്‍സി ഫലം പ്രഖ്യാപിക്കുന്നതുകൊണ്ട് കുറ്റാരോപിതരായവരുടെ നിയമ നടപടികളില്‍ ഒരു കോട്ടവും സംഭവിക്കാന്‍ സാധ്യതയില്ല.
സംഭവം നടന്നിട്ടുള്ളത് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിന് മുന്‍പാണ്. പരീക്ഷാ നടപടികളുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയത്തില്‍ നടപടി സ്വീകരിക്കുവാനും, കുട്ടികളുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനും പരീക്ഷാ ബോര്‍ഡിന് അധികാരമുണ്ടോയെന്ന സംശയവും കമ്മീഷന്‍ പങ്കുവച്ചു. പരീക്ഷാഫലം തടഞ്ഞുവയ്ക്കുന്നതിനും ഡീബാര്‍ ചെയ്യുന്നതിനും പരീക്ഷ നടക്കുന്ന സമയത്ത് ക്രമക്കേട് നടക്കണം. ഇവിടെ അങ്ങനെയാരു സാഹചര്യം ഉണ്ടായിട്ടില്ല.
ഭരണഘടന ഉറപ്പുനല്‍കുന്ന കുട്ടികളുടെ മൗലികാവകാശങ്ങളില്‍ ഒരാള്‍ക്കുപോലും വിവേചനാധികാരം ഉപയോഗിച്ച് ലംഘിക്കുവാന്‍ അധികാരമില്ല. പരീക്ഷാബോര്‍ഡിന്റെ തീരുമാനം നിയമവിരുദ്ധമാണ്.
സംസ്ഥാനത്ത് നിയവുമായി പൊരുത്തപ്പെടാത്ത നിരവധി കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുകയും അവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ കുട്ടികള്‍ക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഉറപ്പ് നല്‍കുന്ന സമത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു.
എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമായിട്ടാണ് കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് പരീക്ഷാ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍നിന്ന് മനസിലാക്കുന്നത്.