
സിപിഐ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം തന്നെയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരും കുടുംബത്തോടൊപ്പമാണ്. കൃത്യമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു.
അന്വേഷണം കാര്യക്ഷമമല്ലെന്ന കുടുംബത്തിന്റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആ കുടുംബത്തിന്റെ വികാരത്തോടൊപ്പം തന്നെ നിൽക്കുന്നു. വിഷയത്തിൽ സിപിഐയുടെയും സർക്കാരിന്റെയും നിലപാട് വ്യക്തമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
കണ്ണൂർ മുൻ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ റവന്യൂ വകുപ്പിന്റെ നിർദേശ പ്രകാരം അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു കണ്ടെത്തൽ. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമായിട്ടാണെന്നാണ് റിപ്പോർട്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ നവീൻ ബാബു കാലതാമസം വരുത്തി എന്നതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോ. കമ്മീഷണർ എ. ഗീത ഐഎഎസിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ അറിയിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.
സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച 'നവകേരളത്തിനായുള്ള പുതുവഴികൾ' നയരേഖയിൽ പ്രതിപാദിക്കുന്ന സ്വകാര്യ മൂലധന നിക്ഷേപത്തെ സംബന്ധിച്ച് സിപിഐ നേരത്തെയും നിലപാട് വ്യക്തമാക്കിയതാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ജനോപകാരപ്രദമായ പദ്ധതികൾക്ക് വ്യവസ്ഥകളോടുകൂടിയുള്ള മൂലധനം സ്വീകരിക്കേണ്ടി വരും. കമ്യൂണിസ്റ്റ് പാർട്ടി മുൻപും ഈ നിലപാട് വ്യക്തമാക്കിയതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.